ബോളിവുഡ് ലഹരിമരുന്ന് കേസ്; അന്വേഷണം പാക് സംഘങ്ങളിലേക്കും

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിന്റെ അന്വേഷണം പാക്കിസ്ഥാനിലെ സംഘങ്ങളിലേക്കും നീളുന്നു. മുംബൈയിലും അതുവഴി ബോളിവുഡിലും കൊക്കെയ്ന്‍ എത്തിക്കുന്നത് പ്രധാനമായും അമൃത്സറിലേയും പാക്കിസ്ഥാനിലേയും ലഹരിസംഘങ്ങളാണെന്നാണു നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) കണ്ടെത്തല്‍.

‘ബോളിവുഡ് ലഹരിമരുന്ന് ശൃംഖലയില്‍ ആരൊക്കയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നും മുംബൈയിലെ വിതരണക്കാര്‍ ആരാണെന്നും സംബന്ധിച്ച് ഏകദേശ രൂപം ലഭിച്ചിട്ടുണ്ട്. ഹെറോയിന്‍, കൊക്കെയ്ന്‍, മെത്താംഫെറ്റാമൈന്‍ എന്നിവയുള്‍പ്പെടെയുള്ള ലഹരി മരുന്നുകളുടെ ഉപഭോക്താക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും തെളിവുകള്‍ ശേഖരിക്കുന്ന നടപടി തുടരുകയാണ്.’ എന്‍സിബി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അമൃത്സര്‍ ലഹരിമരുന്ന സംഘത്തിലെ പ്രധാനകണ്ണിയെ എന്‍സിബി ഈ ആഴ്ച ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ കൊക്കെയ്ന്‍ വിതരണം ചെയ്യുന്നവരെ കണ്ടെത്താന്‍ യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ സഹായം എന്‍സിബി തേടിയിട്ടുണ്ട്. 2018ല്‍ കുറഞ്ഞത് 1200 കിലോഗ്രാം കൊക്കെയ്ന്‍ ഇന്ത്യയില്‍ എത്തിയെന്നാണ് വിവധ ഏജന്‍സികള്‍ നല്‍കുന്ന വിവരം.

മുംബൈയില്‍ മാത്രം 300 കിലോഗ്രാം എത്തിയിട്ടുണ്ട്. 2019 ജൂണില്‍ ഓസ്ട്രേലിയയില്‍ 55 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഓസ്ട്രേലിയന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊളംബിയ-ബ്രസീല്‍-മൊസാംബിക്ക് റൂട്ടിലൂടെയാണ് ഭൂരിഭാഗം കൊക്കെയ്‌നും ഇന്ത്യയിലെത്തുന്നത്.

ഇന്ത്യയില്‍ ഒരു ദിവസം ഒരു ടണ്‍ ഹെറോയിന്‍ എങ്കിലും ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഹെറോയിന്‍ പാക്കിസ്ഥാനിലൂടെ പഞ്ചാബ് വഴി എത്തിച്ച് ഇന്ത്യയില്‍ ഒരു നിര്‍മാണ യൂണിറ്റ് രൂപീകരിക്കാനുള്ള സാധ്യതയെക്കുറിച്ചും വിവിധ ഏജന്‍സികള്‍ എന്‍സിബിയെ അറിയിച്ചിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ ഭീകരസംഘടനകളുടെ ഫണ്ടിങ്ങിന്റെ ഒരു പ്രധാന കേന്ദ്രമാണ്.

Top