‘സത്യം മാത്രമേ ജയിക്കു’; ആര്യനു ജാമ്യം നിഷേധിച്ചതില്‍ പ്രതികരണവുമായി സമീര്‍ വാങ്ക്ഡെ

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതികരണവുമായി എന്‍സിബി മുംബൈ മേഖല ഡയറക്ടര്‍ സമീര്‍ വാങ്ക്ഡെ. ‘സത്യം മാത്രമേ ജയിക്കു’ എന്നായിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്ക്ഡെയുടെ പ്രതികരണം.

രണ്ട് ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് മുംബൈയിലെ പ്രത്യേക കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ആര്യന് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി.

ആര്യനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിന് ചാറ്റ് ചെയ്തുവെന്നും ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ എന്‍.സി.ബി കോടതിയെ അറിയിച്ചു. എന്‍.സി.ബി ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ആര്യന് ജാമ്യം നിഷേധിച്ചത്. ഇതോടെ ആര്യന്‍ മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ തന്നെ തുടരും.

Top