മുംബൈയിൽ വൻ കഞ്ചാവ് വേട്ട; 3.5 കോടിയുടെ കഞ്ചാവുമായി 2 പേർ പിടിയിൽ

മുംബൈ: മുംബൈയിൽ അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ. 286 കിലോഗ്രാം കഞ്ചാവുമായി എത്തിയ രണ്ട് പേരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. വിപണിയിൽ 3.5 കോടി വിലമതിക്കുന്ന ഉയർന്ന ഗ്രേഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

അന്തർസംസ്ഥാന മയക്കുമരുന്ന് റാക്കറ്റ് മുംബൈയിൽ എത്തുന്നുണ്ടെന്ന വിവരം എൻസിബിക്ക് ലഭിച്ചിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് എത്തിക്കാൻ ഉപയോഗിക്കാനിരുന്ന വാഹനത്തെക്കുറിച്ചും സൂചന ലഭിച്ചു. പിന്നാലെ സോലാപൂർ-മുംബൈ ഹൈവേയിൽ ഫീൽഡ് ഓപ്പറേഷൻ ടീമിനെ രണ്ട് ദിവസത്തേക്ക് വിന്യസിച്ചു.

തിങ്കളാഴ്ച രാവിലെയോടെ സംശയാസ്പദമായ രീതിയിൽ രണ്ട് പേരുമായി വന്ന കാർ സംഘം തടഞ്ഞു നിർത്തി. പരിശോധനയിൽ വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 95 പാക്കറ്റുകൾ കണ്ടെടുത്തു. പാക്കറ്റുകളിൽ നിന്ന് 286 കിലോ കഞ്ചാവ് എൻസിബി പിടികൂടുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കള്ളക്കടത്തിൽ അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിന് പങ്കുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിലെ സൂചന.

Top