റേഷനരി കടത്തു കേസ് : എട്ട് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

നെയ്യാറ്റിന്‍കര : കരിഞ്ചന്തയിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന രണ്ട് ലോഡ് റേഷനരി പിടിച്ചെടുത്ത സംഭവത്തില്‍ എട്ട് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡിപ്പോകളുടെ ചുമതലയുള്ള സീനിയര്‍ അസിസ്റ്റന്റ് ബാബുരാജിനെ സസ്‌പെന്‍ഡ് ചെയ്തിന് പുറമെ സിവില്‍ സപ്ലൈസിലേയും സപ്ലൈകോയിലേയും ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

കൊല്ലത്ത് പൊലീസ് പിടിച്ചെടുത്ത മൂന്ന് ലോഡ് റേഷനരിയും നെയ്യാറ്റിന്‍കരയില്‍ നിന്ന് കടത്തിയതാണന്ന് തെളിഞ്ഞതോടെയാണ് ഉദ്യോഗസ്ഥര്‍ തന്നെ റേഷനരി കടത്തുന്നതായി സൂചന ലഭിച്ചത്. റേഷന്‍കടകളിലേക്ക് കൊടുക്കേണ്ട അരിയുടെ തൂക്കത്തില്‍ കുറവ് വരുത്തിയാണ് ഇവര്‍ പുറത്തേക്ക് കടത്താനുള്ള അധിക അരി കണ്ടെത്തിയതെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു.

ഇതിന്റ അടിസ്ഥാനത്തിലാണ് ഡിപ്പോകളുടെ ചുമതലയുള്ള സിവില്‍ സപ്ലൈസ് വകുപ്പിലെ സീനിയര്‍ അസിസ്റ്റന്റ് സി ബാബുരാജിനെ സസ്‌പെന്‍ഡ് ചെയ്തത്. സീനിയര്‍ അസിസ്റ്റന്റ് കെ.സി അഭിലാഷ്, വി.രാജലക്ഷ്മി എന്നിവരെ പുനലൂരിലേക്ക് സ്ഥലം മാറ്റി.

വാതില്‍പ്പടി വിതരണത്തിന്റ ചുമതലയുള്ളവരും സപ്ലൈകോ ജീവനക്കാരുമായ ജൂനിയര്‍ അസിസ്റ്റന്റ് ഇ ബിന്ദു, അസിസ്റ്റന്റ് സെയില്‍മാന്‍മാരായ സി.എസ് അനീഷ്, ഗിരീഷ്‌കുമാര്‍, ജാസ്മിന്‍ മോസസ്, കെ.എ വിദ്യാനന്ദ എന്നിവരെയും സ്ഥലം മാറ്റി.

Top