നയൻതാരയ്ക്ക് രാഷ്ട്രീയ താൽപ്പര്യവും ! ഓഫറുമായി ഡി.എം.കെ നേതാക്കൾ . . .

മിഴകത്ത് സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ഇനി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും.തമിഴ് നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ നയന്‍സിനെ ഒപ്പം കൂട്ടാന്‍ ഡി.എം.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണിപ്പോള്‍ നീക്കം നടത്തുന്നത്. എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനാണ് നയന്‍താരയെ ഡി.എം.കെയിലെത്തിക്കുവാന്‍ ശ്രമിക്കുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. നയന്‍താര മത്സരിച്ച് വിജയിച്ചാല്‍ മന്ത്രിയാക്കാമെന്നാണ് വാഗ്ദാനമത്രെ. സ്ത്രീകളുടെ വോട്ട് സമാഹരിക്കാന്‍ നയന്‍താരയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് ഡി.എം.കെ കരുതുന്നത്.

നയന്‍താര കേന്ദ്ര കഥാപാത്രമായി കലക്ടര്‍ വേഷത്തിലെത്തിയ ‘അറം’ സിനിമ തമിഴകത്ത് സൂപ്പര്‍ ഹിറ്റായിരുന്നു. ജനകീയ കലക്ടര്‍ എന്ന ഈ സിനിമയിലെ ഇമേജ് നയന്‍സിനെ തമിഴ് മക്കള്‍ക്ക് പ്രിയങ്കരിയാക്കിയിരുന്നു. രാഷ്ട്രീയവും നയന്‍താരയ്ക്ക് വഴങ്ങുമെന്ന് തമിഴകത്തിന് ബോധ്യമായത് ഈ സിനിമയിലൂടെയാണ്. കലക്ടര്‍ എന്ന നിലയില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടിയ മതിവദനി എന്ന കഥാപാത്രത്തെയാണ് ‘അറ’ത്തില്‍ നയന്‍താര അവതരിപ്പിച്ചിരുന്നത്. എം.എല്‍.എ ആയാലും മന്ത്രിയായാലും ഇതിനേക്കാള്‍ നന്നായി ശോഭിക്കാന്‍ നയന്‍സിന് കഴിയുമെന്ന വിലയിരുത്തലും ഈ സിനിമയുടെ റിലീസിന് ശേഷം വ്യാപകമായിരുന്നു.

തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നയന്‍താര നിലവില്‍ പുറത്തിറങ്ങാനിരിക്കുന്ന രജനി, വിജയ്, ചിരഞ്ജീവി ചിത്രങ്ങളിലെ നായിക കൂടിയാണ്. മലയാളത്തില്‍ ഇപ്പോള്‍ റിലീസായ നിവിന്‍ പോളിയുടെ ‘ലൗ ആക്ഷന്‍ ഡ്രാമ’ യിലും നായിക ഈ താരസുന്ദരി തന്നെയാണ്. ആദ്യ സിനിമയായ മനസ്സിനക്കരെ മുതല്‍ ഇന്നുവരെ സൂപ്പര്‍ താര പദവിയില്‍ നിലനില്‍ക്കുന്ന നയന്‍താര ഇന്ത്യന്‍ സിനിമക്ക് തന്നെ അത്ഭുതമാണ്. ഓരോ സിനിമ പിന്നിടുമ്പോഴും താരമൂല്യവും കുത്തനെയാണ് കൂടിക്കൊണ്ടിരിക്കുന്നത്.

അറം നല്‍കിയ ജനകീയ ഇമേജ് നിലനിര്‍ത്തുന്നതിനായി വീണ്ടും ഇത്തരം സിനിമകള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നയന്‍താരയിപ്പോള്‍. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇമേജ് ഡവലപ്പ്മെന്റാണ് താരം ലക്ഷ്യമിടുന്നത്.

മാനസികമായി നയന്‍താര രാഷ്ട്രീയത്തിലിറങ്ങാന്‍ തയ്യാറെടുത്ത് കഴിഞ്ഞതായി താരത്തിന്റെ അടുത്ത വൃത്തങ്ങളും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ അത് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലേക്കായിരിക്കും എന്ന കാര്യത്തില്‍ അവര്‍ക്കും വ്യക്തതയില്ല.

രജനി, കമല്‍, ഉദയനിധി സ്റ്റാലിന്റെ ഡി.എം.കെ തുടങ്ങി നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ അതും നയന്‍സിനെ സംബന്ധിച്ച് സ്വീകാര്യമായ ഇടങ്ങളാണ്. കാരണം ഈ വ്യക്തികളുമായെല്ലാം വലിയ അടുപ്പം നയന്‍താരക്കുണ്ട്. ഇപ്പോള്‍ നയന്‍താരക്കുവേണ്ടി ചരട് വലിക്കുന്നത് ഡി.എം.കെയാണെങ്കിലും താരം ഇതുവരെ ഉദയനിധി സ്റ്റാലിന് ഒരു ഉറപ്പും കൊടുത്തിട്ടില്ല.

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ട് മുന്‍പായിരിക്കും നയന്‍താര ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നാണ് സൂചന.സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ഭയന്നാണ് ഡി.എം.കെ നയന്‍താരയെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നത്. രജനി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ തമിഴ് സിനിമാ മേഖല രജനിക്ക് പിന്നില്‍ അണിനിരക്കുമെന്ന ഭയം ഡി.എം.കെക്കുണ്ട്. സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തമിഴക രാഷ്ട്രീയത്തില്‍ താരങ്ങളായി വന്ന് മുഖ്യമന്ത്രിയായവരാണ് എം.ജി രാമചന്ദ്രനും ജയലളിതയും. ഈ പാതയില്‍ ജയലളിതയുടെ പിന്‍ഗാമിയായി വരാനാണ് രജനിയുടെ ശ്രമം.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റൊഴികെ മറ്റെല്ലാ സീറ്റുകളും തൂത്ത് വാരിയിരുന്നത് ഡി.എം.കെ മുന്നണിയായിരുന്നു.അതു കൊണ്ട് തന്നെ ഈ മുന്നണിക്ക് ആത്മവിശ്വാസവും കൂടുതലാണ്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രജനിയും – സ്റ്റാലിനും മാറ്റുരയ്ക്കപ്പെടുമ്പോള്‍ എന്താകും അവസ്ഥയെന്നത് കണ്ട് തന്നെ അറിയേണ്ട കാര്യമാണ്.

ആത്മീയ രാഷ്ട്രീയം ലക്ഷ്യമിടുന്നതും ബി.ജെ.പി നേതൃത്വവുമായുള്ള അടുപ്പവും ന്യൂനപക്ഷങ്ങളെ രജനിയില്‍ നിന്നും അകറ്റുമെന്നാണ് ഡി.എം.കെ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കമല്‍ഹാസന്റെ ‘മക്കള്‍ നീതിമയ്യ’ത്തിന്റെ സാന്നിധ്യം ഡി.എം.കെയുടെ ന്യൂനപക്ഷ വോട്ട് ബാങ്ക് പിളര്‍ത്തുമെന്നാണ് രജനി പക്ഷം കരുതുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഒന്നും കിട്ടിയില്ലങ്കിലും മികച്ച പ്രകടനമാണ് മക്കള്‍ നീതിമയ്യം കാഴ്ചവച്ചിരുന്നത്. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കമല്‍ ഹാസന്റെ പാര്‍ട്ടിയുമായി ഡി.എം.കെ മുന്നണി ധാരണയിലെത്തണമെന്ന ആവശ്യം സി.പി.എമ്മും ഇതിനകം ഉന്നയിച്ചിട്ടുണ്ട്.

അമിതമായ ആത്മവിശ്വാസത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് തിരിച്ചടിക്കുമെന്നാണ് ചെമ്പടയുടെ മുന്നറിയിപ്പ്. ലോകസഭ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തില്‍ സി.പി.എമ്മും സി.പി.ഐയും രണ്ട് വീതം സീറ്റുകളില്‍ വിജയിച്ചിരുന്നു. കമല്‍ ഹാസനുമായി വലിയ അടുപ്പമാണ് സി.പി.എം നേതൃത്വത്തിന് ഇപ്പോഴുമുള്ളത്. കമലാകട്ടെ നിയമസഭ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം ലക്ഷ്യമിട്ടാണ് കരുക്കള്‍ നീക്കുന്നത്. വലിയ ആരാധക പിന്തുണയുള്ള നടന്‍ അജിത്തിന്റെ ആരാധകരെ ഒപ്പം കൂട്ടാനും കമല്‍ ശ്രമിക്കുന്നുണ്ട്. തമിഴ് സിനിമാ മേഖലയില്‍ കമലിന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് അജിത്ത് അറിയപ്പെടുന്നത്.

സൂപ്പര്‍ ഹിറ്റായ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗം നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുറത്തിറക്കാനും കമലിന് പദ്ധതിയുണ്ട്. തൂത്തുക്കുടി വെടിവയ്പടക്കമുള്ള വിഷയങ്ങളില്‍ രജനി സ്വീകരിച്ച നിലപാട് അദ്ദേഹത്തിന്റെ രാഷ്ട്രീയ സാധ്യതകള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് മക്കള്‍ നീതിമയ്യം കണക്ക് കൂട്ടുന്നത്.അതേസമയം ഈ രാഷ്ട്രീയ കളികളെല്ലാം സശ്രദ്ധം വീക്ഷിക്കുന്ന ദളപതി വിജയ് യുടെ നിലപാടാണ് തമിഴകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ശക്തമായ സംഘടനാ സംവിധാനവും ലക്ഷക്കണക്കിന് ആരാധകരും തമിഴ് മണ്ണില്‍ ദളപതിക്കുണ്ട്.

രജനീകാന്തിന്റെ പിന്‍ഗാമിയാകാന്‍ പരസ്പരം മത്സരിക്കുന്ന താരങ്ങളാണ് വിജയ്‌യും അജിത്തും. അത് കൊണ്ടു തന്നെ ഇവര്‍ രണ്ട് പേരും ഒരുമിച്ച് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ പിന്തുണക്കാനുള്ള സാധ്യതയും കുറവാണ്. കമല്‍ അജിത്തിന്റെ പിന്തുണ പ്രതീക്ഷിക്കുമ്പോള്‍ രജനി വിജയ് യുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്. രജനിയുടെ മരുമകന്‍ കൂടിയായ നടന്‍ ധനുഷ് കട്ട ദളപതി ഫാന്‍കൂടിയാണ്.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പരസ്യമായി താല്‍പ്പര്യം പ്രകടിപ്പിച്ച താരമാണ് വിജയ്. ഫാന്‍സ് അസോസിയേഷന് സ്വന്തമായി പതാക തയ്യാറാക്കിയത് തന്നെ ഇത് മുന്നില്‍ കണ്ടാണ്. രജനിയും കമലും മാറ്റുരയ്ക്കുന്ന തിരഞ്ഞെടുപ്പില്‍ മാറി നിന്ന് കളി കാണാം എന്നതാണ് ദളപതിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ. അതിന് ശേഷം അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ രാഷ്ട്രിയത്തില്‍ ഒരു കൈ നോക്കാമെന്നതാണ് നിലപാട്. ഇക്കാര്യം ഫാന്‍സ് അസോസിയേഷന്‍ നേതൃത്വത്തെ വിജയ് അറിയിച്ചിട്ടുണ്ട്.

Political Reporter

Top