വാടക ഗർഭധാരണത്തില്‍ നയന്‍താരയെയും വിഘ്നേഷിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും

ചെന്നൈ: നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും ഒക്ടോബർ 9 ന് തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ജനനം പ്രഖ്യാപിച്ചത്. ഇത് വാടക ഗർഭധാരണ നിയമ ലംഘനമാണോ എന്ന രീതിയിലെ വിവാദം തുടർന്ന് ഉയർന്ന് വന്നത്. നിയമലംഘനം പരിശോധിക്കാൻ തമിഴ്‌നാട് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ട് ദിവസങ്ങൾക്ക് ശേഷം, വാടക ഗർഭധാരണം നടത്തിയ ആശുപത്രി തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ അറിയിച്ചു.

“ഉടൻ തന്നെ വിശദമായ റിപ്പോർട്ട് പുറത്തുവരും. വാടക ഗർഭധാരണം നിയമപരമാണോ എന്നും എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ ഒരു പാനലിനെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. “ഒരു ജെഡി, രണ്ട് പീഡിയാട്രിക് ഡോക്ടർമാർ, ഒരു ഓഫീസ് സ്റ്റാഫ് അംഗം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പാനലാണ് അന്വേഷണം നടത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ, അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കും,” തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.

ആശുപത്രി അധികൃതരിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷ സംഘം ശേഖരിക്കും. ആവശ്യമെങ്കിൽ നയൻതാരയെയും വിഘ്നേഷ് ശിവനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. വാടക ഗർഭധാരണം സംഭവിച്ച് രാജ്യത്ത് കർശന വ്യവസ്ഥകൾ നിലനിൽക്കെ വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ കുഞ്ഞ് ജനിച്ചതിനെ തുടർന്ന് വിവാദം ഉടലെടുത്തതോടെയാണ് തമിഴ്നാട് സർക്കാർ വിഷയത്തിൽ ഇടപെട്ടത്. ഇരട്ടക്കുട്ടികളുടെ ജനനം അറിയിക്കാൻ വിഘ്നേഷ് കഴിഞ്ഞ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. ദമ്പതികൾ ആൺകുട്ടികളുടെ പാദങ്ങളിൽ ചുംബിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

“നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. നയൻതാരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളിൽ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

Top