ഷാരൂഖ് ഖാന്റെ നായികയാകാന്‍ നയന്‍താര!

മെര്‍സല്‍, രാജാറാണി, തെരി എന്നീ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അറ്റ്‌ലീ. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിട്ട് നാളുകളായി. ഇപ്പോഴിതാ ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായെത്തുന്നത് നയന്‍താരയാകുമെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. എന്നാല്‍ വാര്‍ത്തയില്‍ സംവിധായകന്റെയോ താരങ്ങളുടെയോ ഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അറ്റ്‌ലീയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമായി മാറും ഇത്. സാങ്കി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മിക്കുക എന്നും ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ഷാരൂഖ് എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ബിഗ് ബഡ്ജറ്റ് ചിത്രമായൊരുക്കുന്ന ഈ പ്രോജക്ടിന്റെ ജോലികള്‍ നടന്നു വരികയാണെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യഷ് രാജ് ഫിലിംസ് ഒരുക്കുന്ന ‘പഥാന്റെ’ തിരക്കുകളിലാണ് ഷാരൂഖ് ഇപ്പോള്‍. ദീപിക പദുക്കോണ്‍ നായികയായെത്തുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

Top