തെലങ്കാനയില്‍ വെടിവെച്ച് കൊന്ന സംഭവം; പൊലീസുകാര്‍ക്ക് പ്രശംസ അറിയിച്ച് നയന്‍താര

തെലങ്കാനയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്ന പ്രതികളെ വെടിവെച്ച പൊലീസുദ്യോഗസ്ഥര്‍ക്ക് പ്രശംസ അറിയിച്ച് നിരവധി സിനിമ താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പൊലീസുകാരെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ നടി നയന്‍താരയാണ്. വാര്‍ത്താക്കുറിപ്പിലൂടെയാണ് താരം കേസിലെ പ്രതികളെ എന്‍കൗണ്ടറലൂടെ വധിച്ച പൊലീസ് നടപടിയെ പ്രശംസിച്ചത്.

നയന്‍താരയുടെ വാര്‍ത്താക്കുറിപ്പ്

”സിനിമകളില്‍ മാത്രം നാം കണ്ടു ശീലിച്ച രംഗം തെലങ്കാന പൊലീസ് ഹീറോയെ പോലെയാണ് നടപ്പിലാക്കിയിരിക്കുന്നത്. മനുഷ്യത്വത്തിന്റെ ശരിയായ ഇടപെടല്‍ എന്നാണ് പൊലീസ് നടപടിയെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.
ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്താന്‍. മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരേയും തുല്യതയോടെ കാണുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ദയവോടെ പെരുമാറുകയും ചെയ്യുക എന്നതാണ് പ്രധാനം.
നീതി നടപ്പായത് ആഘോഷിക്കുന്നതിനപ്പുറം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത്. നമ്മുടെ വീട്ടിലെ കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കുകയും ബോധവത്കരിക്കുകയും കൂടി ചെയ്യേണ്ട സമയം കൂടിയാണിത്”.

Top