രാഷ്ട്രീയത്തിലിറങ്ങാൻ നയൻതാര, വലവീശി പാർട്ടികളും രംഗത്ത് . . . .

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയിപ്പോള്‍ ആകെ ധര്‍മ്മസങ്കടത്തിലാണ്. രാഷ്ട്രീയ മോഹം തന്നെയാണ് നയന്‍സിനിപ്പോള്‍ വില്ലനായിരിക്കുന്നത്. തമിഴകത്ത് ഏറ്റവും ജനപ്രീതിയുള്ള നടി എന്ന പ്രതിച്ഛായയാണ് ഈ മലയാളി നടിക്കുള്ളത്. ഈ പ്രതിച്ഛായ വോട്ടാക്കാന്‍ ഭരണ- പ്രതിപക്ഷ പാര്‍ട്ടികളാണ് നിലവില്‍ മത്സരിക്കുന്നത്. നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യവും നയന്‍സിനെ ഏറെ ആഗ്രഹിക്കുന്നുണ്ട്. സിനിമാ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടത്തില്‍ സഹായിച്ച രജനീകാന്താണ് നയന്‍താര ഒപ്പം നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മറ്റൊരാള്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന രജനി നിരവധി താരങ്ങളുമായി ഇതിനകം തന്നെ ആശയ വിനിമയം നടത്തി കഴിഞ്ഞിട്ടുണ്ട്. പ്രധാനമായും സ്ത്രീ വോട്ടര്‍മാരെയാണ് നയന്‍താര വഴി എല്ലാവരും ലക്ഷ്യമിടുന്നത്. ‘അറം’ എന്ന തമിഴ് സിനിമയാണ് പുതിയ ഇമേജ് നയന്‍താരക്ക് നല്‍കിയിരിക്കുന്നത് ‘. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയെ ഓര്‍മ്മിപ്പിക്കുന്ന മാനിറസങ്ങളാണ് ഈ സിനിമയില്‍ നയന്‍താര പ്രകടിപ്പിച്ചിരിക്കുന്നത്. ‘മതിവദനി’ എന്ന നയന്‍സിന്റ കളക്ടര്‍ കഥാപാത്രത്തെ നെഞ്ചോട് ചേര്‍ത്താണ് തമിഴകം സ്വീകരിച്ചത്. നയന്‍താര കേന്ദ്ര കഥാപാത്രമായ ഈ സിനിമയുടെ വമ്പന്‍ വിജയം സിനിമാലോകത്തെ ശരിക്കും അമ്പരപ്പിച്ച് കളഞ്ഞിട്ടുണ്ട്.

ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് തിയേറ്ററിലെത്തിയ നയന്‍താര കാറില്‍ നിന്നിറങ്ങിയ ഉടന്‍ ‘തലൈവി’ എന്ന് വിളിയാണ് അവരെ എതിരേറ്റിരുന്നത്. രാഷ്ട്രിയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ‘അറം’ എന്ന സിനിമ മുന്നോട്ട് വെച്ചത് വ്യക്തമായ ജനപക്ഷ രാഷ്ട്രിയമാണ്. ജയലളിതയെ പോലെ കാര്യങ്ങളെ ഗൗരവപൂര്‍വ്വം സമീപിക്കുകയും കൃത്യമായി പഠിക്കുകയും ചെയ്യുന്ന കഥാപാത്രത്തെ തന്നെയാണ് നയന്‍താര സിനിമയിലും അവതരിപ്പിച്ചിരിക്കുന്നത്. ജയലളിത രാഷ്ട്രീയക്കാരിയെങ്കില്‍ നയന്‍താര ‘കളക്ടര്‍’ വേഷം അവതരിപ്പിച്ചു എന്ന വ്യത്യാസം മാത്രമാണുള്ളത്. ജനസേവനം തന്നെയാണ് ആത്യധികമായി രണ്ടു പേരും മുന്നോട്ട് വയ്ക്കുന്നത്. ഈ സിനിമ തന്നെ കൃത്യമായ പ്ലാനോടെ നയന്‍താര തിരഞ്ഞെടുത്തതാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രീയത്തിലിറങ്ങാന്‍ താരം ആഗ്രഹിച്ച് തന്നെയാണ് സെലക്ടീവായതെന്നാണ് സിനിമാരംഗത്തുള്ളവരും ചൂണ്ടിക്കാട്ടുന്നത്. ജയലളിതയെ പോലെ, തന്റെ ജോലിയില്‍ തികഞ്ഞ പ്രൊഫഷണലിസം കാത്തു സൂക്ഷിക്കുന്ന സ്വഭാവമാണ്, നയന്‍താരയ്ക്കുമുള്ളത്. മാധ്യമങ്ങളോട് കൃത്യമായ അകലം എന്നും നയന്‍സ് പാലിക്കാറുണ്ട്. തന്റെ സിനിമകളുടെ പ്രമോഷന് പോലും പോകാതെ മുഖം തിരിക്കുന്ന പതിവും ഇവര്‍ക്കുണ്ട്. ഈ ശീലമെല്ലാം മാറ്റിയത് ‘അറം’ എന്ന സിനിമയ്ക്ക് വേണ്ടി മാത്രമായിരുന്നു. സാമൂഹിക പ്രസക്തിയുള്ള സിനിമാകഥകള്‍ കേള്‍ക്കുന്ന അവസ്ഥയിലേക്കാണ് പിന്നീടവര്‍ മാറിയിരുന്നത്.

2021 ലക്ഷ്യമിട്ടാണ് നയന്‍താരയുടെ ഈ നീക്കങ്ങളെല്ലാമെന്നത് ഇപ്പോള്‍ പരസ്യമായ രഹസ്യമാണ്. അവര്‍ ഏത് പാര്‍ട്ടിയുടെ ഭാഗമാകും എന്നതാണ് ഇനി കണ്ടറിയാനുള്ളത്. രാഷ്ട്രീയ കേന്ദ്രങ്ങളും ആകാംക്ഷയോടെയാണ് ഇക്കാര്യങ്ങളെല്ലാം നോക്കി കാണുന്നത്.

ജയലളിതയില്ലാത്ത അണ്ണാ ഡി.എം.കെ ഏറെ ആഗ്രഹിക്കുന്നതും നയന്‍താരയുടെ സാന്നിധ്യമാണ്. അണികള്‍ക്കിടയിലാണ് ഈ ആഗ്രഹം ഏറെയുള്ളത്. എന്നാല്‍ ‘തലൈവര്‍’ സ്ഥാനത്തെ ചൊല്ലി പരസ്പരം പോരടിക്കുന്ന അവസ്ഥയാണ് ആ പാര്‍ട്ടി നേതൃത്വത്തിനുള്ളത്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവും തമ്മിലുള്ള ഭിന്നതയും രൂക്ഷമാണ്. ഇരുവരും ‘തലൈവിയായി’ നയന്‍താരയെ അംഗീകരിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.

അണ്ണാ ഡി.എം.കെ ടിക്കറ്റില്‍ മത്സരിച്ചാല്‍ ഭരണം കിട്ടിയാല്‍ മന്ത്രിയാക്കാം എന്ന വാഗ്ദാനമാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നത്. ഇതേ ഓഫര്‍ മുഖ്യ പ്രതിപക്ഷമായ ഡി.എം.കെയും നയന്‍താരയ്ക്ക് മുന്നില്‍ നിലവില്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് ഈ നീക്കങ്ങള്‍. ലോകസഭ തിരഞ്ഞെടുപ്പില്‍ തൂത്ത് വാരിയ ആത്മവിശ്വാസത്തിലാണ് ഡി.എം.കെ സഖ്യം മുന്നോട്ട് പോകുന്നത്. നയന്‍താരയെ ഡി.എം.കെയ്ക്ക് ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നത് നടന്‍ കൂടിയായ ഉദയനിധി സ്റ്റാലിനാണ്. പിതാവ് എം.കെ സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ കരുനീക്കങ്ങളെല്ലാം.

അണ്ണാ ഡി.എം.കെയിലാവട്ടെ ബി.ജെ.പി സഖ്യത്തെ ചൊല്ലി രൂക്ഷമായ തര്‍ക്കമാണ് നടക്കുന്നത്. എടപ്പാടി വിഭാഗം ബി.ജെ.പി സഖ്യത്തിന് എതിരാണ്. പനീര്‍ശെല്‍വ വിഭാഗമാണ് ബി.ജെ.പി സഖ്യം ഏറെ ആഗ്രഹിക്കുന്നത്. നയന്‍താരയെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പിയും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. കേന്ദ്ര ഭരണ ‘പവര്‍’ ആണ് ബി.ജെ.പിയുടെ പ്രധാനആയുധം. രജനി ഉണ്ടാക്കുന്ന പാര്‍ട്ടിക്കൊപ്പം മുന്നണിയായി മത്സരിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഈ സഖ്യത്തില്‍ പനീര്‍ശെല്‍വ വിഭാഗം അണ്ണാ ഡി.എം.കെയെ കൂട്ടാമെന്ന കണക്ക് കൂട്ടലും കാവിപ്പടയ്ക്കുണ്ട്. രജനിയുടെ തീരുമാനത്തിനായാണ് ബി.ജെ.പിയിപ്പോള്‍ കാത്തു നില്‍ക്കുന്നത്.

നയന്‍താരയെ രജനിയുടെ ഒപ്പം നിര്‍ത്താന്‍,നടന്‍ ധനുഷും ശ്രമം നടത്തുന്നുണ്ട്. ധനുഷിന്റെ പിതാവ് കസ്തൂരി രാജ ഇതിനകം തന്നെ ബി.ജെ.പി പാളയത്തില്‍ ചേക്കേറിയിട്ടുമുണ്ട്. കോവിഡ് ഭീഷണിയിലും തമിഴകത്ത് രാഷ്ട്രീയ കരുനീക്കങ്ങളാണിപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്. എല്ലാ കണ്ണുകളും സിനിമാലോകത്തേക്കാണ്. പരമാവധി താരങ്ങളെ ഒപ്പം നിര്‍ത്താനാണ് എല്ലാ പാര്‍ട്ടികളും ശ്രമിക്കുന്നത്. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന സംസ്ഥാനമായതിനാല്‍ എല്ലാം പ്രവചനാതീതമാണ്.

ലേറ്റായാലും ലേറ്റസ്റ്റായി നടന്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നവരും തമിഴകത്തുണ്ട്. ഏത് പാര്‍ട്ടിയില്‍ ചേരണമെന്നറിയാതെ നട്ടം തിരിയുന്ന നയന്‍താരയും, ദളപതിയുടെ വരവാണ് ആഗ്രഹിക്കുന്നത്. സിനിമയിലെ പോലെ തന്നെ രാഷ്ട്രീയത്തിലും ദളപതിക്കൊപ്പം പ്രവര്‍ത്തിക്കുക എന്നതാണ് നയന്‍സിന്റെയും സ്വപ്നം. വിജയ് രംഗത്തില്ലെങ്കില്‍ മാത്രമേ മറ്റു ഓപ്ഷനിലേക്ക് നയന്‍താര പോകൂ എന്നാണ് ലഭിക്കുന്ന വിവരം. വന്‍ ജനസ്വാധീനം തമിഴകത്തുള്ള താരമാണിപ്പോള്‍ വിജയ്. എല്ലാ ജില്ലകളിലും ലക്ഷക്കണക്കിന് ആരാധകരാണ് ഈ യുവതാരത്തിനുള്ളത്.

വിവാദ രാഷ്ട്രീയ പരാമര്‍ശങ്ങളിലൂടെ കേന്ദ്ര സര്‍ക്കാറിനെ പലപ്പോഴും വെട്ടിലാക്കിയ താരം കൂടിയാണ് വിജയ്. ദളപതിക്കെതിരെ നടന്ന ബി.ജെ.പി പകപോക്കലിന് തിരഞ്ഞെടുപ്പില്‍ ചുട്ട മറുപടി നല്‍കാനാണ് അദ്ദേഹത്തിന്റെ ആരാധകരും കാത്ത് നില്‍ക്കുന്നത്. രജനികാന്തിനെയും ബി.ജെ.പിയെയും ഏറെ അസ്വസ്ഥപ്പെടുത്തുന്നതും ഈ വികാരം തന്നെയാണ്. വിജയ് ഇത്തവണ രാഷ്ട്രീയത്തിലിറങ്ങിയാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ നിലപാടായിരിക്കും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും തമിഴകത്ത് നിര്‍ണ്ണായകമാവുക. അതൊരു യാഥാര്‍ത്ഥ്യവുമാണ്.

Top