നയന്‍താര ചിത്രം ‘നെട്രികണ്‍’ ഒടിടി റിലീസിനൊരുങ്ങുന്നു

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡയറക്റ്റ് ഒടിടി റിലീസിനെക്കുറിച്ച് ആലോചിക്കാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കുകയാണ് സിനിമാ നിര്‍മ്മാതാക്കള്‍. തിയറ്ററുകള്‍ എന്ന് തുറക്കാനാകുമെന്നത് പ്രവചനാതീതമായി തുടരുന്ന സാഹചര്യത്തില്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാണ് ഏറെയും പ്രതിസന്ധിയിലായിരിക്കുന്നത്.

ഇതിനിടോകം തന്നെ നിരവധി സിനിമകള്‍ ഒടിടിയില്‍ റിലീസും നടത്തി കഴിഞ്ഞു. ഇപ്പോഴിതാ നയന്‍താര ചിത്രം ‘നെട്രികണ്‍’ ഒടിടിയില്‍ റിലീസ് ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് മാറ്റിവയ്ക്കുക ആയിരുന്നു. ചിത്രം ഡിസ്നി+ഹോട്ട്സ്റ്റാര്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷ് ശിവന്‍ നിര്‍മ്മിക്കുന്ന ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്. മിലിന്ദിന്റെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ ‘അവള്‍’ എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു.

‘നെട്രിക്കണ്ണി’ല്‍ നയന്‍താരയുടെ കഥാപാത്രം അന്ധയാണ്. നഗരത്തില്‍ കുറേയധികം സ്ത്രീകള്‍ കൊലചെയ്യപ്പെടുന്നു. ഒരു പരമ്പര കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാള്‍ ഇപ്പോള്‍ നയന്‍താരയുടെ കഥാപാത്രത്തിന് പിന്നാലെയാണ്. ഇതാണ് ചിത്രത്തിന്റെ  പ്ലോട്ട്. അജ്മല്‍, മണികണ്ഠന്‍, ശരണ്‍ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍. എഡിറ്റിംഗ് ലോറന്‍സ് കിഷോര്‍. ആക്ഷന്‍ ഡയറക്ടര്‍ ദിലീപ് സുബ്ബരായന്‍. സംഭാഷണം നവീന്‍ സുന്ദരമൂര്‍ത്തി.

 

Top