ക്രിക്കറ്റ് പ്രമേയമായി നയൻതാര ചിത്രം ; മാധവനും സിദ്ധാര്‍ഥും പ്രധാന കഥാപാത്രങ്ങളായി എത്തുമെന്ന് റിപ്പോര്‍ട്ട്

നിര്‍മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ മാധവനും സിദ്ധാര്‍ഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും ക്രിക്കറ്റ് പ്രമേയമായിട്ടുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

നയൻതാര നായികയാകുന്ന ചിത്രം ‘കണക്റ്റ്’ ആണ് തമിഴില്‍ ഇനി റിലീസ് ചെയ്യാനുള്ളത്. അശ്വിൻ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ‘കണക്റ്റ്’ എന്ന ചിത്രത്തിന്റെ ടീസര്‍ നവംബര്‍ 18ന് റിലീസ് ചെയ്യും. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് ‘കണക്റ്റ്’ നിര്‍മിക്കുന്നത്. അശ്വിൻ ശരവണിന്റെ പുതിയ ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയായിരുന്നു അശ്വിൻ ശരവണൻ സംവിധായകനായതും.

നയൻതാര നിവിൻ പോളിയും വീണ്ടും ഒന്നിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ‘ഡിയര്‍ സ്റ്റുഡന്റ്സ്’ എന്ന ചിത്രത്തിലാണ് നയൻതാര നായികയാകുക. നിവിൻ പോളി തന്നെയാകും ചിത്രം നിര്‍മിക്കുക. നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പുമാണ് സംവിധായകര്‍. ‘ഗോള്‍ഡ്’ ആണ് നയൻതാരയുടേതായി മലയാളത്തില്‍ റിലീസ് ചെയ്യാനുള്ള ചിത്രം. പൃഥ്വിരാജ് ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. അല്‍ഫോണ്‍സ് പുത്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top