നയൻതാര സൃഷ്ടിക്കുന്നത് പുതുചരിത്രം, അന്നും ഇന്നും അവർ സൂപ്പർ പദവിയിൽ !

യന്‍താരക്കിത് വീണ്ടും സുവര്‍ണ്ണകാലമാണ്. നയന്‍സ് നായികയായ രണ്ട് ബ്രഹ്മാണ്ട സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ദര്‍ബാറില്‍ രജനിയാണ് നായകനെങ്കില്‍ ബിഗിലില്‍ വിജയ് യാണ് നായകന്‍. രണ്ടുപേരും തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറുകളാണ്. ദര്‍ബാര്‍ സംവിധാനം ചെയ്യുന്നത് എ ആര്‍ മുരുകദോസ് ആണ്. ബിഗില്‍ ശങ്കറിന്റെ ശിഷ്യനായ അറ്റ്ലിയാണ് അണിയിച്ചൊരുക്കുന്നത്.

16 വര്‍ഷമായി സിനിമാരംഗത്തുള്ള നയന്‍താര അന്നും ഇന്നും സൂപ്പര്‍ നായികയായി ഒന്നാം സ്ഥാനക്കാരിയായാണ് നിലനില്‍ക്കുന്നത്. അദ്ഭുതപ്പെടുത്തുന്ന നേട്ടമാണിത്. ഒരു മലയാളിയാണ് ഈ നേട്ടം കൊയ്യുന്നത് എന്നതില്‍ മലയാള സിനിമക്കും ഏറെ അഭിമാനിക്കാവുന്നതാണ്. പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ക്രിസ്തുമസ് ദിനത്തില്‍ സത്യന്‍ അന്തിക്കാടാണ് നയന്‍താരയില പ്രതിഭയെ അവതരിപ്പിച്ചത്. അഭിനയത്തിന്റെ ആദ്യാക്ഷരങ്ങള്‍ മലയാള മണ്ണില്‍ കുറിച്ച ഈ താരപ്രതിഭ ഇന്നു ദക്ഷിണേന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ്.

തനിക്കെതിരെ ഉയര്‍ന്നു വന്ന വിവാദങ്ങളെ സ്വന്തം പ്രതിഭ കൊണ്ടു ജയിച്ചു കയറിയ ചരിത്രമാണ് ഈ താരത്തിനുള്ളത്. ഒരിക്കല്‍ വ്യക്തി ജീവിതത്തില്‍ കാലിടറിയപ്പോള്‍ ഫീനിക്സ് പക്ഷിയെപ്പോലെയാണ് നയന്‍താര തിരിച്ചെത്തിയത്. പ്രേക്ഷക മനസിലുണ്ടായിരുന്ന നായക സങ്കല്‍പത്തെ പൊളിച്ചെഴുതി നയന്‍താര എന്ന പേരു തന്നെ ഓരോ ചിത്രത്തിന്റെയും വിജയ ഘടകമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഡയാന മറിയം കുര്യന്‍ എന്ന ഈ തിരുവല്ലക്കാരി ഇന്ന് തമിഴ്, തെലുങ്ക്, കന്നഡ സിനിമാലോകം ഒന്നാകെ കീഴടക്കി വാഴുകയാണ്. ഇവരുടെ ഡെയിറ്റിനായി പ്രമുഖ സംവിധായകരാണ് ക്യൂ നില്‍ക്കുന്നത്. മലയാള സിനിമക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത പ്രതിഫലമാണ് ഓരോ സിനിമക്കും നയന്‍സ് വാങ്ങുന്നത്.

ഒരു അഭിനേത്രിയുടെ കരുത്ത് ആകാര ഭംഗിയും മുഖശ്രീയുമാണ്. എന്നാല്‍ ഇതിനോടൊപ്പം നാട്യ പ്രതിഭയും കൂടിചേരുമ്പോള്‍ റിസള്‍ട്ട് വലുതായിരിക്കും.ഇത് തന്നെയാണ് നയന്‍താര തെളിയിച്ച് കൊണ്ടിരിക്കുന്നത്. അവര്‍ നേടിയ തുടര്‍ച്ചയായുള്ള ഹിറ്റ്‌ലിസ്റ്റുകളും താരറാണിപ്പട്ടവും ഇതിന് ഉദാഹരണങ്ങളാണ്. നായകനൊപ്പം ഗാനരംഗത്ത് ആടിപ്പാടാനും നിഴലായി മാത്രം ഒതുങ്ങിപ്പോകാനുമുള്ളതല്ല നായിക കഥാപാത്രങ്ങള്‍ എന്നു നയന്‍താര തന്റെ ചിത്രങ്ങളിലൂടെ ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്.

2003ല്‍ സത്യന്‍ അന്തിക്കാടു സംവിധാനം ചെയ്ത മനസ്സിനക്കരെയിലൂടെയാണ് നയന്‍താര തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഒപ്പമുള്ള ചിത്രങ്ങള്‍ സാധ്യമായി. അധികം വൈകാതെ തന്നെ തമിഴകം നയന്‍താരയെ സ്വന്തമാക്കി. ശരത്കൂമാറിനൊപ്പം അയ്യായിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് രജനീകാന്ത്, വിജയ്,അജിത് തുടങ്ങിയ മുന്‍നിര നടന്മാരുടെ നായികയായി തിളങ്ങി. അങ്ങനെ വളരെ ചുരുങ്ങിയ കാലഘട്ടങ്ങള്‍ കൊണ്ടുതന്നെ നയന്‍താര തെന്നിന്ത്യയിലെ ഉള്‍പ്പെടെ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി മാറി. നായികാ സങ്കല്‍പ്പത്തെ തന്നെ ഈ താരം തിരുത്തിക്കുറിച്ചെന്നു പറയാം.

മലയാള സിനിമയില്‍ നാട്ടിന്‍പുറത്തുകാരി ആയിരുന്നുവെങ്കില്‍ തമിഴിലും തെലുങ്കിലും ഗ്ലാമറസ് വേഷങ്ങളാണ് നയന്‍സ് കൈകാര്യം ചെയ്തിരുന്നത്. ഇത് ഒട്ടേറെ വിമര്‍ശനങ്ങള്‍കക്കും ഇടയാക്കിയിരുന്നു. അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ മലയാളത്തില്‍ നിന്നടക്കം നയന്‍താരയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് തെളിയിച്ചായിരുന്നു താരത്തിന്റെ പിന്നീടുള്ള യാത്ര. അവിടെ തുടങ്ങുകയായിരുന്നു ലേഡി സൂപ്പര്‍സ്റ്റാറിലേക്കുള്ള പ്രയാണവും.

പിന്നീടങ്ങോട്ട് തമിഴിലും തെലുങ്കിലും നയന്‍താര തരംഗം തന്നെ ഉണ്ടായി. ഒടുവില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം സിദ്ദിഖിന്റെ ബോഡിഗാര്‍ഡിലൂടെ നയന്‍താര മലയാളത്തില്‍ വീണ്ടുമെത്തുകയും ചെയ്തു. പിന്നാലെ തുടരെ തുടരെ വ്യത്യസ്തമായ വേഷങ്ങള്‍ താരത്തെ തേടിയെത്തി. അതോടെ നയന്‍സ് സൂപ്പര്‍ താര പദവിയിലേക്ക് ഉയരുകയും ചെയ്തു. രാജാറാണി, ആരംഭം, ആരം തുടങ്ങി ഏറ്റവും ഒടുവിലെത്തിയ കോലമാവ് കോകിലയിലും നയന്‍സിന്റെ വിവിധ ഭാവങ്ങളാണ് കണ്ടത്. ഇന്ന് പല മുന്‍ നിര നായകന്മാരെക്കാളും പ്രതിഫലവും ഫാന്‍സ് പിന്തുണയും നയന്‍താരയ്ക്കുണ്ട്.

2013 ല്‍ ആര്യയുടെ നായികയായി എത്തിയ രാജാ റാണിയിലൂടെയാണ് താരറാണിപ്പട്ടം നയന്‍താര കരസ്ഥമാക്കിയത്. ആരംഭം, ഇതു കതിര്‍വേലന്‍ കാതല്‍, അനാമിക, തനി ഒരുവന്‍, മായാ, നാനും റൗഡി താന്‍ എന്നീ സിനിമകള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടം ഉറപ്പിക്കുകയും ചെയ്തു. ഇക്കാലയളവില്‍ മലയാളത്തിലും തന്റെ താരറാണിപട്ടം ഉറപ്പിക്കുന്നതിലും നയന്‍സ് വിജയിച്ചിരുന്നു. മെഗാ സ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം സിദ്ധിക്ക് ചിത്രം ഭാസ്‌കര്‍ ദ റാസ്‌കലിലൂടെയും, എ. കെ സാജന്റെ പുതിയ നിയമത്തിലൂടെയും ശക്തമായ കഥാപാത്രങ്ങളെയാണു നയന്‍താര മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

നയന്‍സിന്റെ സിനിമകളെപ്പോലെ തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു അവരുമായി ബന്ധപ്പെട്ട വിവാദങ്ങളും. തമിഴ്താരം ചിമ്പുവുമായി നയന്‍സ് പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ആദ്യം വിവാദമായത്. ഒടുവില്‍ ആ പ്രണയബന്ധം അവര്‍ക്ക് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിയും വന്നു. ഇതിനു ശേഷം നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയുമായി നയന്‍സ് പ്രണയത്തിലായി. ഈബന്ധത്തിനും അല്‍പ്പായുസ്സായിരുന്നു.

ഇതിനിടയില്‍ നയന്‍താരയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകളും വ്യാപകമായി. പ്രഭുദേവയുമായി പിരിഞ്ഞതോടെ സംവിധായകന്‍ വിഘ്നേശ് ശിവനുമായി നയന്‍സ് ഇഷ്ടത്തിലാവുകയായിരുന്നു. ഇരുവരുടെയും പേരുകള്‍ ഗോസിപ്പു കോളങ്ങളിലും സജീവമായിരുന്നു.എന്നാല്‍ പിന്നീട് ഈ പ്രണയം നയന്‍താരതന്നെ സ്ഥിരീകരിക്കുകയുണ്ടായി.


വിജയ് നയകനായ ബിഗിലും രജനീകാന്തിന്റെ ദര്‍ബാറും പ്രദര്‍ശനത്തിനെത്തുന്നതോടെ നയന്‍താരയുടെ താരമൂല്യം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത.

Top