കൂളിങ് ഗ്ലാസ് ധരിച്ച് തോക്കുമേന്തി നയന്‍താര; ജവാന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

ന്ത്യന്‍ സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷാറൂഖ് ഖാന്‍, നയന്‍താര ചിത്രമാണ് ജവാന്‍. ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ നേരത്തെ ഏറ്റെടുത്തിരുന്നു. സെപ്റ്റംബര്‍ ഏഴിനാണു ചിത്രം തിയറ്ററുകളിലേക്കുത്തുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ കഥാപാത്ര പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. തോക്കുമേന്തി കൂളിങ് ഗ്ലാസും ധരിച്ച് നില്‍ക്കുന്ന നയന്‍താരയെയാണ് പോസ്റ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

തമിഴ് ഹിറ്റ് മേക്കര്‍ അറ്റ്‌ലിയാണ് ഷാറൂഖ് ഖാന്‍ ചിത്രം ബോളിവുഡിലും തമിഴിലുമായി ഒരുക്കുന്നത്.റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുകോണ്‍ അതിഥി കഥാപാത്രമായി എത്തും. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയമണി, സാന്യ മല്‍ഹോത്ര തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി ഇറങ്ങിയ പഠാന്‍ തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. അതേസമയം ജവാന്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. കന്നഡ, മലയാളം ഭാഷകളില്‍ മൊഴിമാറ്റി റിലീസ് ചെയ്‌തേക്കും. അതേസമയം ‘ജവാന്റെ’ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്‌ലിക്‌സ് ആണെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 120 കോടി രൂപയ്ക്കാണ് ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതെന്നാണ് വിവരം. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. സാറ്റ്‌ലൈറ്റ്, ഒടിടി റൈറ്റ്‌സ് വിറ്റുപോയ വകയില്‍ തന്നെ ‘ജവാന്‍’ 250 കോടി സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

Top