തബുവിന്റെ സ്ഥാനത്തേക്കില്ല; ഓഫര്‍ നിരസിച്ച് നയന്‍താര

ആയുഷ്മാന്‍ ഖുറാന, തബു, രാധിക ആപ്തേ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത ചിത്രമാണ് അന്ധാധുന്‍. 32 കോടി ചിലവില്‍ നിര്‍മ്മിച്ച ചിത്രം 2018 ഒക്ടോബര്‍ അഞ്ചിനാണ് റിലീസ് ചെയ്തത്. സിനിമയോടൊപ്പം തബു അവതരിപ്പിച്ച നെഗറ്റിവ് കഥാപാത്രവും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

ബോളിവുഡിലെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ തെലുഗു റീമേക്ക് ഉണ്ടാകുമെന്നും അതില്‍ തബു അവതരിപ്പിച്ച കഥാപാത്രത്തെ നയന്‍താര അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര സമ്മതമറിയിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. നെഗറ്റീവ് കഥാപാത്രമായതിനാലാണ് താരം ഓഫര്‍ നിരസിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താര, ഇല്യാന ഡിക്രൂസ്, രമ്യ കൃഷ്ണന്‍ എന്നിവരെയാണ് തബു ചെയ്ത വേഷത്തിനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചത്.

ആയുഷ്മാന്‍ ഖുറാനയുടെ റോളിലേക്ക് നടന്‍ നിതിനാണെത്തുന്നത്. നിതിന്റെ പിതാവ് സുന്ദര്‍ റെഡ്ഡിയാണ് അന്ധാധനിന്റെ തെലുഗു പകര്‍പ്പവകാശം വാങ്ങിയിരിക്കുന്നത്. നിലവില്‍ തബു അവതരിപ്പിച്ച കഥാപാത്രം ചെയ്യാന്‍ ഇതുവരെ ആരെയും തീരുമാനിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ഫിലിം മേക്കര്‍ ത്യാഗരാജനാണ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പകര്‍പ്പവകാശം വാങ്ങിയിരിക്കുന്നത്.

Top