Nayantara Is malayalam Cinema’s Highest Paid Actress

കൊച്ചി : മലയാള സിനിമയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങിയ നായിക നയന്‍താര തന്നെ.

എകെ സാജന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെ നായികയായി നയന്‍സ് അഭിനയിച്ച ‘പുതിയനിയമം’ എന്ന സിനിമയ്ക്ക് പ്രതിഫലമായി ലഭിച്ചത് ഒരു കോടി രൂപയാണ്.

തമിഴിലും തെലുങ്കിലും നയന്‍സ് കോടികള്‍ക്ക് മീതെ പ്രതിഫലം വാങ്ങുന്നുണ്ടെങ്കിലും മലയാള സിനിമയെ സംബന്ധിച്ച് ഈ തുക ഒരു സര്‍വ്വകാല റിക്കാര്‍ഡ് തന്നെയാണ്.

തെലുങ്ക്, തമിഴ് മാര്‍ക്കറ്റ് പോലെ വിപുലമല്ല കേരളത്തിലെ സാഹചര്യമെന്നതാണ് ഇവിടെ ബിഗ് ബജറ്റ് സിനിമയെടുക്കാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം.അത് കൊണ്ടുതന്നെ നടിമാര്‍ക്ക് മാത്രമല്ല നായകന്‍മാര്‍ക്ക് പോലും പ്രതിഫലം മറ്റ് തെന്നിന്ത്യന്‍ സിനിമാ മേഖലയെ താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ വളരെ കുറവാണ്.

എന്നാല്‍ ഈ പരിമിതിയൊന്നും നയന്‍സിനെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചവര്‍ മുഖവിലക്കെടുത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നടന്‍ ദീലിപുമായി വേര്‍പിരിഞ്ഞ് വീണ്ടും അഭിനയ രംഗത്ത് സജീവമായ മഞ്ജുവാര്യര്‍ ഒരു സിനിമക്ക് 60 മുതല്‍ 75 ലക്ഷം രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്. ഏറ്റവും ഒടുവിലിറങ്ങിയ കരിക്കുന്നം സിക്‌സസ് ഹിറ്റായത് മഞ്ജുവിന്റെ താരമൂല്യം കൂട്ടിയിട്ടുണ്ട്.

പ്രമുഖ തമിഴ് സംവിധായകന്‍ എം എല്‍ വിജയുമായി വിവാഹ ബന്ധം വേര്‍പിരിയുന്ന അമല പോള്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകന്‍മാരായ ഷാജഹാനും പരിക്കുട്ടിയും എന്ന ചിത്രത്തിന് 35 ലക്ഷമാണ് പ്രതിഫലം വാങ്ങിയത്.

മറ്റ് മുന്‍നിര നായികമാരായ കാവ്യാ മാധവന്‍, പാര്‍വ്വതി മേനോന്‍, നമിത പ്രമോദ്, നിത്യ മേനോന്‍, അനുശ്രീ തുടങ്ങിയവരെല്ലാം മാര്‍ക്കറ്റ് വാല്യുവിന്റെ കാര്യത്തില്‍ ഈ ‘ടോപ് ത്രീ’ ക്ക് ഏറെ പിന്നിലാണ്.

Top