ചാനൽ കാമറകളോട് മുഖം തിരിച്ച് നയൻ, വിലക്കേർപ്പെടുത്താൻ നിർമ്മാതാക്കളും !

ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടം സിനിമയില്‍ മാത്രമല്ല, പരസ്യ മേഖലയിലും കരസ്ഥമാക്കിയിരിക്കുകയാണിപ്പോള്‍ നയന്‍താര. വലിയ ഡിമാന്റാണ് പരസ്യമേഖലയില്‍ നയന്‍താരയ്ക്ക് നിലവിലുള്ളത്.

രാജ്യമെങ്ങും സ്ഥാപനങ്ങളുള്ള കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാവാന്‍ പോലും നയന്‍താര മുഖം തിരിച്ചു കഴിഞ്ഞു. കൂടുതല്‍ വലിയ ഓഫര്‍ മറ്റൊരു ജ്വല്ലറി ഗ്രൂപ്പ് നല്‍കിയതോടെയായിരുന്നു നയന്‍സിന്റെ ഈ ചുവട് മാറ്റം.

വിപണിയില്‍ തനിക്കുള്ള മൂല്യം തിരിച്ചറിഞ്ഞ് തന്ത്രപരമായ നിലപാടാണ് നയന്‍താര നിലവില്‍ സ്വീകരിച്ച് വരുന്നത്. സിനിമാരംഗത്തെ പോലെ തന്നെ പരസ്യമേഖലയിലും കടുത്ത നിയന്ത്രണമാണ് അവര്‍ സ്വയം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എത്ര സിനിമ ചെയ്തു എന്നതിലല്ല, ഏതൊക്കെ സിനിമ ചെയ്തു എന്നതിലാണ് കാര്യമെന്നതാണ് നയന്‍സിന്റെ നിലപാട്. സിനിമ സെലക്ട് ചെയ്യുന്നതു പോലെ തന്നെയാണ് പരസ്യചിത്രങ്ങളും നയന്‍താര സെലക്ട് ചെയ്യുന്നത്.

ഒരു പാട് എണ്ണത്തില്‍ അഭിനയിക്കുക എന്നതില്‍നിന്നു മാറി സെലക്ടീവായി മാത്രം അഭിനയിക്കുകയാണ് തന്ത്രം. ഇതിനായി വാങ്ങുന്ന തുകയാകട്ടെ കോടികളുമാണ്. ഒരു ചെറിയ സിനിമയ്ക്ക് പോലും നയന്‍താരയെ വേണമെങ്കില്‍ ചുരുങ്ങിയത് മൂന്ന് കോടിയെങ്കിലും കൊടുക്കണം.

നയന്‍താര വാങ്ങുന്ന അത്രയും തുക പരസ്യമേഖലയിലായാലും സിനിമയിലായാലും മറ്റൊരു നടിയും നിലവില്‍ വാങ്ങുന്നില്ല.

16വര്‍ഷമായി നായിക നിരയില്‍ പകരക്കാരില്ലാതെയാണ് നയന്‍സ് വിലസുന്നത്.സ്വയം തീര്‍ത്ത നിയന്ത്രണങ്ങളാണ് അവര്‍ക്കിതിന് സഹായകരമാകുന്നത്. ദൃശ്യ മാധ്യമങ്ങളില്‍ നിന്നും പരമാവധി മാറി നില്‍ക്കുന്നതാണ് ഇതില്‍ പ്രധാനം.

തന്റെ ബ്രാന്‍ഡ് വാല്യു നില നില്‍ക്കാന്‍ ഇത്തരം നിയന്തണങ്ങള്‍ അനിവാര്യമാണെന്നാണ് നയന്‍താര വിശ്വസിക്കുന്നത്. നയന്‍സിന്റെ ഒരു അഭിമുഖം സംഘടിപ്പിക്കുക എന്നത് മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചും വലിയ വെല്ലുവിളി തന്നെയാണ്. നയന്‍താരയുടെ ഇത്തരമൊരു നിലപാട് മൂലം തെലുങ്ക് സിനമയില്‍ വിലക്ക് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മറ്റെല്ലാ താരങ്ങളും സിനിമയുടെ പ്രമോഷനുമായി സഹകരിക്കുമ്പോള്‍ നയന്‍സ് സഹകരിക്കുന്നില്ലന്നതാണ് പ്രധാന പരാതി. ഇനി മുതല്‍ തെലങ്കു സിനിമയില്‍ നയന്‍താര വേണ്ടന്ന നിലപാടാണ് ഒരു വിഭാഗം നിര്‍മ്മാതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ തമിഴ് നിര്‍മാതാക്കള്‍ക്കിടയിലും നയന്‍സിനോട് എതിര്‍പ്പുണ്ടെങ്കിലും അവരത് പരസ്യമാക്കിയിട്ടില്ല. കാത്തിരുന്ന് കാണാം എന്നതാണ് തമിഴ് നിര്‍മ്മാതാക്കളുടെ സംഘടനാ നേതൃത്വം നല്‍കുന്ന മറുപടി.

അതേ സമയം നിര്‍മ്മാതാക്കളുടെ ഈ പ്രതിഷേധമൊന്നും മൈന്റ് പോലും ചെയ്യാതെയാണ് നയന്‍താര മുന്നോട്ട് പോകുന്നത്. തന്റെ നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലന്നതാണ് താരത്തിന്റെ നിലപാട്.

10 വര്‍ഷത്തിനു ശേഷം കഴിഞ്ഞ മാസമാണ് ഒരു മാധ്യമത്തിന് നയന്‍താര അഭിമുഖം നല്‍കിയിരുന്നത്. അതാകട്ടെ സിനിമാ മേഖലയിലെ അസമത്വത്തെ കുറിച്ച് മാത്രവുമായിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ഇങ്ങനെ പിശുക്ക് കാട്ടുമ്പോഴും കൈ നിറയെ അവസരങ്ങള്‍ ഇപ്പോഴും നയന്‍താരയെ തേടിയെത്തുന്നുണ്ട്.

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വിജയ് യുടെ ബിഗില്‍ സിനിമയും സൂപ്പര്‍ ഹിറ്റാണ്. ഇനി പുറത്തിറങ്ങാന്‍ പോകുന്ന ദര്‍ബാറിലാകട്ടെ നായകന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തുമാണ്.ഇതോടൊപ്പം നിരവധി പുതിയ സിനിമകളിലും നയന്‍താര കാരാറിലേര്‍പ്പെട്ടിട്ടുണ്ട്. കാമുകനായ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘നേത്രിക’ ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘മൂക്കുത്തി അമ്മന്‍’ എന്നിവ ഇതില്‍ ചിലതാണ്.

ഒടുവിലായി നയന്‍സിന്റെ പുറത്തിറങ്ങിയ മലയാള സിനിമ ‘ലൗ ആക്ഷന്‍ ഡ്രാമ’യാണ്. ഈ സിനിമയും ഇതിനകം തന്നെ പ്രദര്‍ശന വിജയം നേടിക്കഴിഞ്ഞു.

2003-ല്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് നയന്‍താര ആദ്യമായി സിനിമയിലെത്തിയത്. ജയറാം നായകനായ ഈ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് ഒരിക്കലും അവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ദക്ഷിണേന്ത്യയിലെ എല്ലാ മുന്‍നിര നായകന്‍മാരുടെയും നായികയായി നയന്‍സ് അഭിനയിച്ചു കഴിഞ്ഞു.ഇപ്പോള്‍ പുതു തലമുറ നായകന്‍മാരുടെ നായികയായും പുതു ചരിത്രമാണ് അവര്‍ സൃഷ്ടിക്കുന്നത്.

ആര് വിലക്കിയാലും തെന്നിന്ത്യന്‍ സിനിമ തന്നെ കൈവിടില്ലന്ന ഉറച്ച വിശ്വാസത്തിലാണ് നയന്‍താരയിപ്പോള്‍ മുന്നോട്ട് പോകുന്നത്.തന്റെ മാര്‍ക്കറ്റ് വാല്യു എന്താണെന്ന് തിരിച്ചറിഞ്ഞുള്ള ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ഈ ഉറച്ച നിലപാടിന് മുന്നില്‍ പകച്ച് നില്‍ക്കുന്നതിപ്പോള്‍ ഒരു വിഭാഗം നിര്‍മാതാക്കളാണ്.

Reporter: Anjana Mukundan

Top