രണ്ട് വധക്കേസ്, മൂന്നര പതിറ്റാണ്ടുകൾ, ശിക്ഷ വാങ്ങിക്കൊടുത്ത് സി.ബി.ഐ

ക്സല്‍ വര്‍ഗീസ് വധക്കേസിനു പിന്നാലെ, രാജാ മാന്‍സിങ് വധക്കേസിലും നേരറിഞ്ഞ് സിബിഐ. മൂന്നരപതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഈ കേസിലെ പ്രതികള്‍ക്ക്, ശിക്ഷ വാങ്ങി നല്‍കിയിരിക്കുന്നത്. കോളിളക്കം സൃഷ്ടിച്ച രാജസ്ഥാനിലെ രാജമാന്‍സിങിന്റെയും രണ്ടു സഹായികളുടെയും കൊലപാതകത്തില്‍, മൂന്നരപതിറ്റാണ്ടിനു ശേഷം വിരമിച്ച 11 പോലീസുകാര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്. ഇത്, രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ, മികവിന്റെ അംഗീകാരം കൂടിയാണ്.

രാഷ്ട്രീയ നേതൃത്വത്തിന്റെ സ്വാധീനത്തില്‍ സ്വതന്ത്ര അന്വേഷണം സാധ്യമാകാതെ, ‘കൂട്ടിലെ തത്ത’ എന്ന പഴിയേറ്റുവാങ്ങേണ്ടി വന്ന സി.ബി.ഐക്ക്, ആത്മവിശ്വാസം പകരുന്നതാണ് രാജാമാന്‍സിങ് കേസിലെ പ്രതികള്‍ക്ക് ശിക്ഷനല്‍കിയ ഈ കോടതി വിധി.

നക്സല്‍ വര്‍ഗീസ് വധത്തില്‍ 40 വര്‍ഷത്തിനു ശേഷമാണ് ഐ.ജി ലക്ഷ്മണക്ക് സി.ബി.ഐ അന്വേഷണത്തില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നത്. വര്‍ഗീസ് കേസ് വിധി പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികത്തിലാണ്, രാജാമാന്‍സിങ് കേസിലും ശിക്ഷ ലഭിക്കുന്നതെന്ന പ്രത്യേകതകൂടി ഇതിനുണ്ട്.

കൊലപാതകം നടന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞാല്‍, തെളിവുകള്‍ നശിപ്പിക്കപ്പെട്ട് പ്രതികള്‍ രക്ഷപ്പെടുമെന്ന പൊതുധാരണയാണ്, അന്വേഷണ മികവില്‍ സി.ബി.ഐ പൊളിച്ചടുക്കിയിരിക്കുന്നത്. രാജസ്ഥാനിലെ ഭരത്പൂര്‍ രാജകുടുംബാംഗവും എം.എല്‍.എയുമായിരുന്ന രാജാ മാന്‍സിങും രണ്ട് അനുയായികളും, 1985 ഫെബ്രുവരി 21ന് പോലീസിന് വെടിയേറ്റുമരിച്ച സംഭവം രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നതാണ്. ഈ കൊലപാതകത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ശിവ്ചരണ്‍ മാഥൂറിന് രാജിവെക്കേണ്ടിയും വന്നിരുന്നു.

ദീഗ് നിയമസഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച എം.എല്‍.എയായിരുന്നു രാജ മാന്‍സിങ്. ഭരത്പൂരിലെ അവസാന രാജാവ് സവായ് വീജേന്ദ്രസിങിന്റെ ഇളയ സഹോദരനായ മാന്‍സിങ്, ദീഗിലെ കിരീടംവെക്കാത്ത രാജാവായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നും എന്‍ജിനീയറിങ് ബിരുദം നേടിയ മാന്‍സിങ് 1952 മുതല്‍ കൊല്ലപ്പെടുന്നത് വരെ ഏഴു തവണ ദീഗില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയായിരുന്നു.

ദീഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജേന്ദ്രസിങിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി, അന്നത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി ശിവചരണ്‍ മാഥൂര്‍ എത്തുന്നതിന് മുമ്പ്, രാജാമാന്‍സിങിന്റെ കൊടിയും ബാനറുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തിരുന്നു. ഇതറിഞ്ഞ് ക്ഷുഭിതനായ മാന്‍സിങും അനുയായികളും, കോണ്‍ഗ്രസ് പ്രചരണ യോഗസ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു. രാജാമാന്‍സിങ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിനടുത്തേക്ക് ജീപ്പോടിച്ച് കയറ്റി ഇടിക്കുകയും ചെയ്തു. പൊതുയോഗവേദിയും ജീപ്പിടിച്ച് തകര്‍ക്കപ്പെട്ടു.

സുരക്ഷാചുമതലയുണ്ടായിരുന്ന പോലീസുകാര്‍, ഏറെ ശ്രമപ്പെട്ടാണ് മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തിയിരുന്നത്. എന്നാല്‍ പിറ്റേന്ന്, രാജാ മാന്‍സിങും രണ്ട് അനുയായികളും വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. കീഴടങ്ങാനായി പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ, പോലീസ് തടഞ്ഞു നിര്‍ത്തി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

പോലീസ് നടത്തിയ കൊലപാതകം, രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയതോടെ, ശിവ്ചരണ്‍ മാഥൂറിന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചൊഴിയേണ്ടിയും വന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കകം തന്നെ, കേന്ദ്ര സര്‍ക്കാര്‍ കേസന്വേഷണം സി.ബി.ഐക്ക് വിടുകയായിരുന്നു. പിന്നീട് വിചാരണ അട്ടിമറിക്കാന്‍ നീക്കം നടന്നതോടെ, സ്വതന്ത്രവും നീതിയുക്തവുമായി വിചാരണക്കായി, സി.ബി.ഐ സുപ്രീം കോടതിയെ സമീപിക്കുന്ന സാഹചര്യവും ഉണ്ടായി. സുപ്രീം കോടതി കേസിന്റെ വിചാരണ, രാജസ്ഥാനില്‍ നിന്നും ഉത്തര്‍പ്രദേശിലെ മഥുര കോടതിയിലേക്കു മാറ്റുകയും ചെയ്തു.

കേസില്‍ ആകെ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ 11 പോലീസുകാരെയാണ്, ജീവപര്യന്തം തടവിന് മഥുര സി.ബി.ഐ കോടതി ജഡ്ജി സാധന റാണി താക്കൂര്‍ ശിക്ഷിച്ചിരിക്കുന്നത്. മൂന്നു പോലീസുകാര്‍ വിചാരണക്കിടെ മരണപ്പെടുകയും, ബാക്കിയുള്ളവരെ വെറുതെവിടുകയുമായിരുന്നു. ശിക്ഷിക്കപ്പെട്ട പോലീസുകാരെല്ലാം 70 വയസ് കഴിഞ്ഞവരാണ്. മുന്‍ ഡി.വൈ.എസ്.പി കന്‍സിങ് , സബ് ഇന്‍സ്പെക്ടര്‍ വീരേന്ദ്ര സിങ്, എ.എസ്.ഐ രവി ശേഖര്‍, കോണ്‍സ്റ്റബിള്‍മാരായിരുന്ന സുഖ്റാം, ജീവന്‍ റാം, ജഗ്മോഹന്‍, ഭന്‍വര്‍ സിങ്, ഹരിസിങ്, ഛത്തര്‍സിങ്, ഷേര്‍സിങ്, ദയറാം എന്നിവരാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

മാന്‍സിങ് വധക്കേസില്‍ 35 വര്‍ഷത്തിനു ശേഷം നീതിലഭ്യമാക്കിയ സി.ബി.ഐ, കേരളത്തെ പിടിച്ചുകുലുക്കിയ നക്സല്‍ വര്‍ഗീസ് വധക്കേസില്‍, 40 വര്‍ഷത്തിനു ശേഷമാണ് ഐ.ജി ലക്ഷ്മണക്ക് ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുത്തിരുന്നത്. വയനാട്ടിലെ തിരുനെല്ലിക്കാടുകളില്‍ വെച്ചായിരുന്നു വര്‍ഗീസിനെ പിടികൂടി വെടിവെച്ച് കൊലപ്പെടുത്തിയിരുന്നത്.

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാല്‍ തിരുനെല്ലിയിലെ ഒരു കുടിലില്‍ നിന്ന് രാവിലെ പിടികൂടിയ വര്‍ഗീസിനെ, അന്നത്തെ ഡെപ്യൂട്ടി എസ്.പി ആയ എ. ലക്ഷ്മണ, ഡി.ഐ.ജി ആയ പി. വിജയന്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം 1970 ഫെബ്രുവരി 18-നു വൈകിട്ട്, വെടിവെച്ച് കൊല്ലുകയായിരുന്നു.

രാമചന്ദ്രന്‍ നായര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ 1998-ല്‍ ആണ് നിര്‍ണായകമായ ഈ വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. വര്‍ഗീസ് വധത്തിനു ശേഷം, 18 വര്‍ഷത്തിനുശേഷമാണ് ഈ വെളിപ്പെടുത്തലുണ്ടായത്. പിന്നീട് കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറുകയായിരുന്നു. ലക്ഷ്മണയ്ക്ക് 2010 ഒക്ടോബറില്‍ പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. ഈ ശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തുടര്‍ന്ന് ശരിവെക്കുകയും, പ്രായാധിക്യം കാരണം ശിക്ഷ ഇളവുചെയ്യണമെന്ന ഹര്‍ജി തള്ളുകയും ചെയ്യുകയും ഉണ്ടായി. ഒരു കൊലപാതകം നടന്ന് 40 വര്‍ഷത്തിനുശേഷം വിധിവരുന്ന അപൂര്‍വ്വതയും വര്‍ഗീസ് വധക്കേസിലുണ്ടായിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍, 1963ലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ പിറവികൊള്ളുന്നത്. നിലവില്‍ പ്രധാനമന്ത്രിയുടെ കീഴിലുള്ള കേന്ദ്ര പേഴ്സണല്‍ ആന്റ് പബ്ലിക് ഗ്രീവന്‍സസ് വകുപ്പിന് കീഴിലുള്ള സിബി.ഐയെ, പലപ്പോഴും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപക പരാതിയും ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കൂട്ടിലടച്ച ‘തത്തയാണെന്ന’ ദുഷ്പ്പേരും സി.ബി.ഐക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

അതേസമയം, സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചപ്പോഴെല്ലാം, രാജ്യത്തിന്റെ യശസ് കാക്കുന്ന അന്വേഷണമികവും സി.ബി.ഐ പുറത്തെടുത്തിട്ടുണ്ട്. സിബിഐയുടെ ഈ മികവ് മുന്‍ നിര്‍ത്തി പിറവികൊണ്ട സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളുമാണ്. ഒരു സിബിഐ ഡയറികുറിപ്പു മുതല്‍, നേരറിയാന്‍ സിബിഐ വരെ ഉദാഹരണങ്ങള്‍ അനവധി നമുക്ക് മുന്നില്‍തന്നെയുണ്ട്.

Staff Reporter

Top