ഛത്തീസ്ഗഡില്‍ പൊലീസുമായി ഏറ്റുമുട്ടല്‍ ;ഒരു നക്‌സല്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: പൊലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു നക്‌സല്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ തോണ്ടമാര്‍ക്കക്ക് സമീപത്തെ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് സംഘം നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ബാസ്തര്‍ റെയ്ഞ്ചിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പി.സുന്ദരരാജ പറഞ്ഞു.

റായ്പൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള കാടിനുള്ളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഡിആര്‍ജിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ്, സിആര്‍പിഎഫിന്റെ എലൈറ്റ് യൂണിറ്റ് കോബ്ര, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്നിവരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.

തുടക്കത്തില്‍ ഡിആര്‍ജി പട്രോളിങ് സംഘം ചിന്താഗുഫ- ചിന്താല്‍നര്‍ കാട് വളഞ്ഞു. പിന്നീട് വെടിയുതിര്‍ത്തു. വെടിവെയ്പ്പിന് ശേഷം പൊലീസ് സംഘം നടത്തിയ തെരച്ചിലിലാണ് നക്‌സല്‍ മരിച്ചെന്ന കാര്യം തിരിച്ചറിഞ്ഞത്. കണ്ടെടുത്ത മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റി. പ്രദേശത്ത് തെരച്ചില്‍ തുടരുന്നതായും പൊലീസ് പറഞ്ഞു.

Top