മുന്‍ ഭാര്യയുടെ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് നവാസുദ്ദീൻ സിദ്ദിഖി

മുംബൈ: മുൻ ഭാര്യ ആലിയ സിദ്ദിഖി നിരത്തിയ ആരോപണങ്ങളില്‍ മൗനം വെടിഞ്ഞു നടൻ നവാസുദ്ദീൻ സിദ്ദിഖി. തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിലാണ് നവാസുദ്ദീൻ ഇത് സംബന്ധിച്ച് ഒരു പ്രതികരണം നടത്തിയത്. ‘ഇത് ആരോപണമല്ല, എന്റെ വികാരങ്ങൾ പ്രകടിപ്പിക്കുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് നവാസുദ്ദീൻ തന്റെ പ്രസ്താവന പങ്കുവച്ചിരിക്കുന്നത്. ഏകപക്ഷീയവും കൃത്രിമവുമായ വീഡിയോകളുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗം ആളുകൾ തന്നെ സ്വഭാവഹത്യ നടത്തുന്നത് ആസ്വദിക്കുകയാണെന്നും നവാസുദ്ദീൻ ആരോപിച്ചു.

എന്നും പണം മാത്രം വേണം അതാണ് മുന്‍ ഭാര്യ ആലിയ സിദ്ദിഖിയുടെ സ്വഭാവം. അത് അവരുടെ സ്ഥിരം രീതിയാണ്. ഇതിനായി എന്നെ ഭീഷണിപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്റെ അന്തസിനെ ഇല്ലാതാക്കണം. എന്റെ കരിയര്‍ ഇല്ലാതാക്കാണം. അതിലൂടെ അവളുടെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ നേടിയെടുക്കണം. താനും ആലിയയും വിവാഹമോചിതരാണെന്നും കുറിപ്പില്‍ നവാസുദ്ദീൻ സിദ്ദിഖി വ്യക്തമാക്കുന്നു.

എപ്പോഴും എന്റെ നിശബ്ദത കാരണം ഞാൻ മോശം മനുഷ്യനാണെന്നാണ് അറിയപ്പെടുന്നത്. ഇതെല്ലാം എന്റെ കുട്ടികള്‍ എവിടെയെങ്കിലും വായിക്കും എന്നതിനാലാണ് ഞാൻ മിണ്ടാതിരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മാധ്യമങ്ങളും ഒരു കൂട്ടം ആളുകളും ശരിക്കും ഇത് ആസ്വദിക്കുന്നു. ഏകപക്ഷീയവും കൃത്രിമവുമായ വീഡിയോകളുടെ അടിസ്ഥാനത്തിൽ എന്റെ സ്വഭാവഹത്യ നടക്കുകയാണ്. കുറച്ച് കാര്യങ്ങള്‍ ഞാന്‍ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നു. ഒന്നാമതായി ഞാനും ആലിയയും വർഷങ്ങളായി ഒരുമിച്ച് താമസിക്കുന്നില്ല. ഞങ്ങൾ ഇതിനകം വിവാഹമോചനം നേടിയവരാണ്. പക്ഷെ ഞങ്ങള്‍ക്ക് കുട്ടികളുണ്ട്.

രണ്ടാമത്തെ കാര്യം ആർക്കെങ്കിലും അറിയാമോ എന്തുകൊണ്ടാണ് എന്റെ കുട്ടികൾ ഇപ്പോള്‍ ഇന്ത്യയിലാണ് ഉള്ളത്. കഴിഞ്ഞ 45 ദിവസമായി അവര്‍ സ്കൂളില്‍ പോകുന്നില്ല. അവരുടെ സ്‌കൂൾ വിദ്യാഭ്യാസം ദുബായിലാണ്. ഇത് സംബന്ധിച്ച് സ്‌കൂൾ എനിക്ക് കത്തുകൾ അയയ്‌ക്കുന്നുണ്ട്. കഴിഞ്ഞ 45 ദിവസമായി എന്റെ കുട്ടികളെ ബന്ദികളെപ്പോലെയാണ്.

മൂന്നാമത്തെ കാര്യം കുട്ടികളെ എന്നില്‍ നിന്നും കൂടുതല്‍ പണത്തിന് വേണ്ടി ദുബായില്‍ നിന്നും കൂട്ടികൊണ്ടുവരുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂൾ ഫീസ്, മെഡിക്കൽ, യാത്ര, മറ്റ് വിനോദ പ്രവർത്തനങ്ങൾ എന്നിവ കൂടാതെ ഭാര്യയ്ക്ക് മാസം 10 ലക്ഷം രൂപയോളം ഞാന്‍ നല്‍കാറുണ്ട്. അതിന് മുന്‍പ് 5 ലക്ഷവും നല്‍കിയിരുന്നു.

ഇതിന് പുറമേ അവള്‍ക്ക് സ്വന്തം വരുമാനം ഉണ്ടാകട്ടെ എന്ന് കരുതി കോടിക്കണക്കിന് രൂപയാണ് അവളുടെ മൂന്ന് ചിത്രങ്ങള്‍ക്ക് ഞാന്‍ സാമ്പത്തിക സഹായം നല്‍കിയത്. മക്കള്‍ ജനിച്ചപ്പോള്‍ അവള്‍ക്ക് ഞാന്‍ ഒരു ആഢംബര കാര്‍ വാങ്ങി നല്‍കി. എന്നാല്‍ അത് വിറ്റ് അതിന്റെ പണം അവള്‍ സ്വയം ഉപയോഗിച്ചു. വെറസോനയില്‍ ഒരു ആഢംബര വില്ല ഞാന്‍ വാങ്ങിയിരുന്നു. ആലിയ അതിന്റെ സഹ ഉടമസ്ഥയായിരുന്നു. കുട്ടികള്‍ ദുബായിലേക്ക് പോയപ്പോള്‍ ഞാന്‍ അത് വാടയ്ക്ക് കൊടുത്തു. അവളും അവിടെ ജീവിച്ചിട്ടുണ്ട്. എനിക്കെതിരെ കേസ് കൊടുക്കുകയും പിന്നീട് പണം കൊടുക്കുമ്പോള്‍ പിന്‍വലിക്കുന്നതും അവളുടെ പതിവാണ് – നവാസുദ്ദീൻ സിദ്ദിഖി രൂക്ഷമായ ഭാഷയില്‍ എഴുതിയ കുറിപ്പ് പറയുന്നു.

ഭൂമിയിലെ ഏതൊരു രക്ഷകർത്താവും തങ്ങളുടെ കുട്ടികൾക്ക് അവരുടെ പഠനം തടസ്സപ്പെടുത്താനോ, അവരുടെ ഭാവി മോശമാക്കാനോ ആഗ്രഹിക്കില്ല. സാധ്യമായ ഏറ്റവും മികച്ച കാര്യങ്ങൾ മക്കള്‍ക്ക് നല്‍കാന്‍ അവർ എപ്പോഴും ശ്രമിക്കും. ഞാൻ സമ്പാദിക്കുന്നതെല്ലാം എന്റെ രണ്ട് മക്കൾക്കും വേണ്ടിയാണ്. ഇത് ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഞാൻ ഷോറയെയും യാനിയെയും സ്നേഹിക്കുന്നു, അവരുടെ ഭാവി സുരക്ഷിതമാക്കാൻ ഞാൻ ഏതറ്റം വരെയും പോകും. ഇതുവരെയുള്ള എല്ലാ കേസുകളും ഞാൻ വിജയിച്ചു. ജുഡീഷ്യറിയിൽ വിശ്വാസം അർപ്പിക്കുന്നത് തുടരും. സ്നേഹം ഒരാളെ തടഞ്ഞുനിർത്തലല്ല, മറിച്ച് ശരിയായ ദിശയിൽ പറക്കാൻ അനുവദിക്കുക എന്നതാണെന്നും അവസാനമായി നവാസുദ്ദീൻ സിദ്ദിഖി പറയുന്നു.

Top