Nawaz Sharif’s ‘blunt message’ to Pak army: Act against militants now

ഇസ്ലാമാബാദ്:ഭീകരതക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ അഗോളത്തലത്തില്‍ രാജ്യം ഒറ്റപ്പെടുമെന്ന് പാക് സര്‍ക്കാര്‍ സൈന്യത്തിനും ചാരസംഘടനയായ ഐഎസ്‌ഐക്കും മുന്നറിയിപ്പ് നല്‍കി.

പാക് അധിന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നവാസ് ഷെരീഫ് വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പാകിസ്താന്‍ സൈന്യത്തിന്റെ നിലവിട്ട നടപടികള്‍ ചര്‍ച്ചയായതെന്ന് പാക്‌ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

സര്‍വകക്ഷി യോഗത്തിലുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഐഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ റിസ്വാന്‍ അക്തര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ജന്‍ദജുവാ എന്നിവര്‍ പാകിസ്താനിലെ നാല് പ്രവിശ്യകളും സന്ദര്‍ശിക്കും.

തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ എടുക്കുന്ന നടപടികളില്‍ ഇടപെടരുതെന്നും തീവ്രവാദികളെ സംരക്ഷിക്കാന്‍ ശ്രമിക്കരുതെന്നും പ്രവിശ്യ അപ്പക്‌സ് കമ്മിറ്റിക്കും ഐഎസ്‌ഐ സെക്ടര്‍ കമ്മിറ്റിക്കും ഇവര്‍ നിര്‍ദേശം നല്‍കും.

ഇതു കൂടാതെ പത്താന്‍കോട് ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് റാവല്‍പിണ്ടി ഭീകരവിരുദ്ധ കോടതിയില്‍ വിചാരണകള്‍ പുനരാരംഭിക്കാനും നവാസ് ഷെരീഫ് നിര്‍ദേശം നല്‍കിയതായാണ് സൂചന.

പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരി ആഗോളതലത്തില്‍ പാകിസ്താന്‍ നേരിടുന്ന ഒറ്റപ്പെടലിനെപ്പറ്റി സൈനികരാഷ്ട്രീയ നേതൃത്വത്തിന് വിശദീകരിച്ചു കൊടുത്തു.

ഹഖാനി തീവ്രവാദി ശൃഖംലയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന അമേരിക്കന്‍ ആവശ്യവും, പഠാന്‍കോട്ട് അന്വേഷണം പൂര്‍ത്തിയാക്കുക, ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കുക തുടങ്ങിയ ഇന്ത്യയുടെ ആവശ്യങ്ങളും ചൗധരി യോഗത്തെ അറിയിച്ചു.

എന്നാല്‍ യോഗത്തെ അമ്പരിപ്പിച്ചു കൊണ്ട് ചൗധരി പറഞ്ഞ മറ്റൊരു കാര്യം ചൈനീസ് നിലപാട് സംബന്ധിച്ചാണ്. പാകിസ്താനെ പിന്തുണച്ച് ചൈന ആവര്‍ത്തിച്ചു സംസാരിക്കുമ്പോള്‍ തന്നെ പാകിസ്‌സ്താന്‍ നിലവിലെ നടപടികളില്‍ ചൈന അതൃപ്തരാണെന്ന് യോഗത്തില്‍ ചൗധരി വ്യക്തമാക്കി.

ആഗോളതലത്തിലെ ഒറ്റപ്പെടലില്‍ നിന്ന് രക്ഷപ്പെടാന്‍ എന്ത് നടപടിയാണ് പാകിസ്താന്‍ സ്വീകരിക്കേണ്ടതെന്ന് ഐഎസ്‌ഐ മേധാവി റിസ്വാന്‍ അക്തറിന്റെ ചോദ്യത്തിന് ജയ്ഷ ഇ മൊഹമ്മദ് ഭീകരന്‍ മസൂദ്ദ് അസര്‍, ലഷ്‌കര്‍ ഇ തോയിബ ഭീകരന്‍ ഹാഫിസ് സയ്യീദ്, രാജ്യത്ത് ശക്തമായി വരുന്ന ഹഖാനി ശൃംഖല എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുക എന്ന മറുപടിയാണ് അസീസ് ചൗധരി നല്‍കിയത്.

തലവേദനയുണ്ടാക്കുന്ന ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യുവാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് റിസ്വാന്‍ അക്തര്‍ പറഞ്ഞെങ്കിലും ഇതാരെ ഉദ്ദേശിച്ചാണെന്ന് വ്യക്തമായില്ല. ഈ ഘട്ടത്തില്‍ ചര്‍ച്ചയില്‍ ഇടപെട്ടു സംസാരിച്ച പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഷഹബാസ് ഷെരീഫ് വിധ്വംസകപ്രവര്‍ത്തനം നടത്തുവര്‍ക്കെതിരെ സര്‍ക്കാര്‍ എപ്പോള്‍ നടപടിയെടുത്താലും അവരെ രക്ഷിക്കുന്നത് സൈന്യവും ഐഎസ്‌ഐയും ആണെന്ന് കുറ്റപ്പെടുത്തി. ഇതോടെ ഐഎസ്‌ഐ മേധാവിയും പഞ്ചാബ് മുഖ്യമന്ത്രിയും തമ്മില്‍ രൂക്ഷമായ വാക്ക്‌പ്പോര് നടന്നെങ്കിലും നവാസ് ഷെരീഫ് ഇടപെട്ട് അവസാനിപ്പിച്ചെന്നാണ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്‌.

Top