നവാസ് ഷെരീഫിന് പകരം സഹോദരന്‍ ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയാകും

ഇസ്ലാമാബാദ്: പാനമഗേറ്റ് അഴിമതിക്കേസില്‍ സുപ്രീംകോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജിവെച്ച നവാസ് ഷെരീഫിന് പകരം സഹോദരനായ ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയാകും.

നവാസ് ഷെരീഫിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവില്‍ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയാണ് ഷഹബാസ് ഷെരീഫ്. പാര്‍ലമെന്റ് അംഗത്വമില്ലാത്ത ഷഹബാസിന്, പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിവരും.

പാനമ അഴിമതിയില്‍ ഷെരീഫ് കുറ്റക്കാരനാണെന്ന് പാകിസ്ഥാന്‍ സുപ്രീം കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. മൂന്നു തവണയാണ് നവാസ് ഷെരീഫ് പ്രധാനമന്ത്രിയായത്.

എന്നാല്‍ മൂന്ന് തവണയും കാലാവധി തികയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഒരു തവണ പട്ടാള അട്ടിമറിയിലൂടെയാണ് നവാസ് പുറത്തുപോയത്. എങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോടതി അനുമതി നല്‍കുകയാണെങ്കില്‍, നവാസ് ഷെരീഫ് വിജയിക്കുമെന്നും പ്രധാനമന്ത്രി പദവി വീണ്ടെടുക്കാന്‍ കഴിയുമെന്നുമാണ് വിലയിരുത്തല്‍.

Top