Nawaz Sharif ‘s statement about Kashmir protests

ഇസ്ലാമാബാദ്: കാശ്മീരിലെ പ്രക്ഷോഭത്തില്‍ ഇന്ത്യ പാരാജയത്തെ അംഗീകരിക്കേണ്ടി വരുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്.

കാശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കരിദിനാചരണത്തിനിടെയാണ് നവാസ് ഷെരീഫിന്റെ പ്രസ്താവന. കാശ്മീരിലെ സ്വതന്ത്ര പോരാട്ടത്തിന്റെ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്ക്കു മുന്നില്‍ രണ്ട് ചോയിസുകളാണ് ഉള്ളത്. കഴിഞ്ഞ 11 ദിവസമായി 43 ഓളം പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷവുമായി മുന്നോട്ട് പോവുക, അല്ലെങ്കില്‍ കാശ്മീര്‍ ജനത ആവശ്യപ്പെടുന്ന അവരുടെ അവകാശങ്ങള്‍ ലഭ്യമാക്കുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രശ്‌നത്തില്‍ തങ്ങള്‍ കാശ്മീരിനെ ഒറ്റപ്പെടുത്തില്ലെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും ഇത് മതത്തിനെ അടിസ്ഥാനപ്പെടുത്തി മാത്രമുള്ളതല്ല എന്നാല്‍ സംസ്‌കാരത്തേയും മനുഷ്യത്വത്തേയും പരിഗണിച്ചുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന ഇന്ത്യന്‍ നിലപാടിനേയും അദ്ദേഹം വിമര്‍ശിച്ചു. കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ല, അതൊരു തര്‍ക്ക പ്രദേശമാണെന്ന് യുഎന്‍ പ്രഖ്യാപിച്ചതാണ്. ഇപ്പോള്‍ കാശ്മീരില്‍ നടക്കുന്നത് ക്രൂരമായ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ്, ഈ സാഹര്യത്തില്‍ അന്താരാഷ്ട്ര സമൂഹം വിഷയം ഗൗരവത്തിലെടുത്ത് ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ കാശ്മീരിനു മുന്നില്‍ ഇന്ത്യയ്ക്കു മുട്ടുമടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരിലെ 10 ജില്ലകളിലും ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രശ്‌നപരിഹാരത്തിന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വിളിച്ച സര്‍വ്വകക്ഷി യോഗം നാളെ ശ്രീനഗറില്‍ നടക്കും.

Top