ആറ് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷം നവാസ് ഷെരീഫ് ജയിലില്‍ തിരിച്ചെത്തി

ലാഹോര്‍ : പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആറ് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജയിലില്‍ തിരിച്ചെത്തി.

മകള്‍ മറിയത്തിന്റെയും സഹോദരപുത്രന്‍ ഹംസയുടേയും നേതൃത്വത്തില്‍ നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഷെരീഫിനെ അനുഗമിച്ചു. പുഷ്പവൃഷ്ടിയോടെ വലിയ റോഡ് ഷോയായാണ് അദ്ദേഹത്തെ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്. ജയിലിലെത്തിയ ശേഷം അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും, വൈകാതെ ജയില്‍ വാസം അവസാനിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും നവാസ് ഷെരീഫ് വ്യക്തമാക്കി.

ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആരോഗ്യം മോശമായതോടെയാണ് ചികിത്സയ്ക്ക് വേണ്ടി ജാമ്യം അനുവദിച്ചിരുന്നത്. രാജ്യം വിടരുതെന്ന വ്യവസ്ഥയിലാണ് മാര്‍ച്ച് 26ന് ആറാഴ്ച ജാമ്യം നല്‍കിയത്. എട്ട് ആഴ്ച ജാമ്യമാണ് ഷെരീഫിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടതെങ്കിലും ആറ് ആഴ്ചയിലേക്കാണ് കോടതി ജാമ്യം നല്‍കിയത്.

പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത അല്‍-അസീസിയ സ്റ്റീല്‍ മില്‍ അഴിമതിക്കേസിലാണ് ഷെരീഫ് തടവ്ശിക്ഷ അനുഭവിക്കുന്നത്.

Top