അറസ്റ്റ് രേഖപ്പെടുത്തും; നവാസ് ഷെരീഫും മകളും ലണ്ടനില്‍ നിന്നും ഇന്ന് ലാഹോറിലേയ്ക്ക്

അബുദാബി: അവന്‍ഫീല്‍ഡ് അഴിമതിക്കേസില്‍ ശിക്ഷ ലഭിച്ച മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയം നവാസും ലണ്ടനില്‍ നിന്നും ഇന്ന് ലാഹോറിലെത്തും.

തനിക്ക് പത്തുവര്‍ഷത്തെ തടവ് ലഭിച്ചെന്നും ഉടന്‍ തന്നെ ജയിലിലേയ്ക്ക് കൊണ്ടുപോകുമെന്നും എന്നാല്‍ താന്‍ ഇങ്ങനെ നിങ്ങളോട് ചെയ്യില്ലെന്ന് പാക്കിസ്ഥാനി ജനതയ്ക്ക് അറിയാമെന്നും തന്റെ കൂടെ തന്നെ എല്ലാവരും ഉണ്ടാകണമെന്നും രാജ്യത്തിന്റെ ഈ വിധിയില്‍ മാറ്റമുണ്ടാകട്ടെയെന്നും നവാസ് ഷെരീഫ് ജനങ്ങളോട് പറയുന്ന വീഡിയോ മകള്‍ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ലാഹോറിലെ അല്ലാമാ ഇക്ബാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ഷെരീഫിനേയും മകളേയും അടിയാള ജയിലിലേയ്ക്കായിരിക്കും മാറ്റുന്നത്. വെള്ളിയാഴ്ച പ്രാദേശിക സമയം 6.15 നാണ് ഇരുവരും എയര്‍പോര്‍ട്ടില്‍ എത്തുക. നവാസും മറിയവും ലോഹോര്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും നേരിട്ട് അടിയാള ജയിലിലേയ്ക്ക് ഇരുവരെയും മാറ്റുകയും ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 22 എന്‍എബി ഉദ്യോഗസ്ഥരും 100 കമാന്‍ഡോകളും ഈ സമയം എയര്‍പോര്‍ട്ടില്‍ എത്തും.

അവന്‍ഫീല്‍ഡ് അഴിമതിക്കേസിലാണ് നവാസ് ഷെരീഫിന് പാക്കിസ്ഥാന്‍ അക്കൗണ്ടബിലിറ്റി കോടതി ശിക്ഷ വിധിച്ചത്. ഷെരീഫിനൊപ്പം തന്നെ മകള്‍ മറിയം ഷെരീഫിന് ഏഴ് വര്‍ഷവും മരുമകന്‍ റിട്ട. ലഫ്റ്റനന്റ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

തടവ് ശിക്ഷക്കൊപ്പം ഷെരീഫിന് 8 മില്യണ്‍ പൗണ്ടും മറിയത്തിന് 2 മില്യണ്‍ പൗണ്ടും പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഷെരീഫിനും കുടുംബത്തിനുമെതിരെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

പാനമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതി വിവാദത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ജൂലൈ 28ന് പാക്ക് സുപ്രീംകോടതി നവാസ് ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രി പദത്തില്‍ നിന്ന് അദ്ദേഹം രാജിവെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ഷെരീഫ് അതെല്ലാം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് വാദിച്ചത്.

റിപ്പോര്‍ട്ട്: ജ്യോതിലക്ഷ്മി മോഹന്‍

Top