ശ്രീരാമനെ ആയുധമാക്കി, പള്ളിയെ ഒതുക്കാന്‍ ശ്രമിക്കുന്നു; ബിജെപി അജണ്ടക്കെതിരെ നവാബ് മാലിക്

ന്യൂഡല്‍ഹി: ബിജെപിയേയും കേന്ദ്രസര്‍ക്കാരിനേയും വിമര്‍ശിച്ച് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്ത്. ബിജെപി ശ്രീരാമന്റെ പേര് പറഞ്ഞ് രാഷ്ട്രീയം കളിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പള്ളിയുടെ നിര്‍മ്മാണകാര്യം അവര്‍ മനപൂര്‍വ്വം മറച്ചുവെക്കുന്നത് അതുകൊണ്ടാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്.

‘രാമക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് പറഞ്ഞത് സത്യമാണ്. എന്നാല്‍, അതോടൊപ്പം പള്ളിക്ക് മറ്റൊരു സ്ഥലത്തിന് കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍, രാമന്റെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. അതിനാല്‍ അയോദ്ധ്യയില്‍ പള്ളി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രഖ്യാപനവും അവര്‍ പുറപ്പെടുവിക്കുന്നില്ല,’-നവാബ് മാലിക് പറഞ്ഞു.

രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിച്ചത് പോലെ പള്ളി പണിയാനും ട്രസ്റ്റ് രൂപീകരിക്കണമെന്ന് നേരത്തെ എന്‍സിപി നേതാവ് ശരദ് പവാറും ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ട്രസ്റ്റ് രൂപീകരിച്ച് ധനസഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉന്നയിച്ച പ്രസ്താവനയേയും അദ്ദേഹം വിമര്‍ശിച്ചു. മരിക്കണമെന്നുറപ്പിച്ച് വരുന്നവര്‍ ജീവിച്ചിരിക്കുന്നതെങ്ങനെയാണ് എന്നായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. ‘ഒരു ജനാധിപത്യ രാജ്യത്ത് ആദിത്യനാഥിന്റെ ഇത്തരം പ്രസ്താവനയെ അംഗീകരിക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നാണ് സുപ്രീം കോടതി പറയുന്നത്. പക്ഷേ അതിന് വിപരീതമായാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് വെടിവെച്ചിരിക്കുന്നത്. ജനറല്‍ ഡയറിനെപ്പോലെയാണ് യോഗി പെരുമാറുന്നത്. അത് ഒരിക്കലും അംഗീകരിക്കാനാകില്ല’.- മാലിക് പറഞ്ഞു.

Top