കള്ളപ്പണ ഇടപാട് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത നവാബ് മാലിക് ആശുപത്രിയില്‍

മുംബൈ: ദാവൂദ് ഇബ്രാഹിമുമായുള്ള കള്ളപ്പണ ഇടപാട് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ നവാബ് മാലിക് ആശുപത്രിയില്‍. ചില ആരോഗ്യ പ്രശ്‌നങ്ങളാല്‍ മാലിക്കിനെ മുംബൈയിലെ ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് നവാബ് മാലിക്കിന്റെ ഓഫീസ് അറിയിച്ചു.

ഇ ഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്കിനെ മാര്‍ച്ച് 3 വരെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. ഇഡി കസ്റ്റഡി സമയത്ത്, മാലിക് ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നെന്നും തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

1993 ലെ സ്‌ഫോടന പരമ്പര കേസ് പ്രതിയുമായി നവാബ് മാലിക് ഭൂമി ഇടപാട് നടത്തിയെന്നാരോപിച്ചായിരുന്നു ഇഡി നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ മാലിക് സഹകരിച്ചില്ലെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. താന്‍ ഭയപ്പെടുന്നില്ലെന്നും പോരാടി വിജയിക്കുമെന്നും അറസ്റ്റിന് ശേഷം മാലിക് പറഞ്ഞിരുന്നു.

Top