നാവികസേനയുടെ കരുത്തിനായി ആണവ വാഹകശേഷിയുള്ള അന്തര്‍വാഹിനികള്‍ നിർമ്മിക്കാൻ ഇന്ത്യ

ന്യൂഡല്‍ഹി : നാവികസേനയുടെ കരുത്ത് കൂടുതൽ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ അന്തര്‍വാഹിനികള്‍ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ.

ആണവ വാഹകശേഷിയുള്ള ആറ് അന്തര്‍വാഹിനികളാണ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്.

ഇന്ത്യ-പസഫിക് മേഖലയിലെ ചൈനീസ് സാന്നിധ്യം കണക്കിലെടുത്താണ് പ്രതിരോധ ശക്തിവര്‍ധിപ്പിക്കുന്നതിനുള്ള ഈ തീരുമാനം.

പദ്ധതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ നാവികസേന ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ ശരിവച്ചു.

യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവർക്കൊപ്പം വലിയ പങ്ക് വഹിക്കാന്‍ ഇന്ത്യന്‍ നാവികസേന തയ്യാറെടുക്കുകയാണെന്നും അദ്ദേഹം സൂചന നല്‍കി.

പാകിസ്ഥാനിലെ ഗ്വേദര്‍ തുറമുഖത്തെ ചൈനയുടെ സാന്നിദ്ധ്യം ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ഇത് നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ലാംബ പറഞ്ഞു.

പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. യുദ്ധക്കപ്പലുകള്‍, ആണവ അന്തര്‍വാഹിനികള്‍, പുത്തന്‍ ആയുധസാമഗ്രികള്‍ തുടങ്ങിയവ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും നാവികദിനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ ലാന്‍ബ സംസാരിച്ചു.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടാമത്തെ ആണവ അന്തര്‍ വാഹിനി അരിദ്ധമന്‍ നേരത്തെ നീറ്റിലിറക്കിയിരുന്നു.
വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മ്മാണശാലയിലാണ് ഇത് നിര്‍മിച്ചത്.

2009ല്‍ നീറ്റിലിറക്കിയ അരിഹന്താണ് ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തര്‍വാഹിനി. ഇത് 2016ല്‍ സൈന്യത്തിന്റെ ഭാഗമായി.

അരിഹന്തിനെക്കാള്‍ ഇരട്ടി മിസൈലുകള്‍ വഹിക്കാന്‍ കഴിയുന്ന അരിദ്ധമന്‍ 83 മെഗാവാട്ട് ശക്തിയുള്ള ആണവ റിയാക്ടര്‍ ഉള്‍ക്കൊള്ളുന്നതാണ്.

സമുദ്രത്തിനടിയില്‍ 24 നോട്ടിക്കല്‍ വേഗത്തിലും സമുദ്രോപരിതലത്തില്‍ 12 മുതല്‍ 15 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തിലും സഞ്ചരിക്കാന്‍ കഴിയും. എട്ട് പോര്‍ മുനകളിലായി 24 സാഗരിക മിസൈലുകളോ, കെ5 എട്ട് കെ 4 മിസൈലുകളോ വിന്യസിക്കാന്‍ കഴിയും.

കെ15 മിസൈലുകള്‍ക്ക് 750 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യത്തെ പ്രഹരിക്കാന്‍ ശേഷിയുള്ളപ്പോള്‍ കെ 4 മിസൈലുകള്‍ 3, 500 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യം തേടിയെത്തും.

Top