ജോനകപ്പുറത്ത് നിന്നും കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ നാവിക സേന രക്ഷിച്ചു

okhi

നീണ്ടകര: മൂതാക്കര ജോനകപ്പുറം മത്സ്യ മേഖലയില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ആശങ്കകള്‍ക്ക് അറുതി നല്‍കി കൊല്ലത്ത് നിന്ന് കടലില്‍ പോയി കാണാതായ 3 മത്സ്യതൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിലൂടെ നാട്ടിലെത്തിച്ചു. വേളാങ്കണ്ണിമാതാ ബോട്ടില്‍ കടലില്‍ പോയ ദയാളന്‍, ആന്റണി, കാജിന്‍, കെപ്‌സണ്‍ എന്നിവരെയാണ് നിരന്തര പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്.

മൂന്ന് പകലും മൂന്ന് രാത്രിയും കടലില്‍ ഒഴുക്കില്‍പെട്ട ഇവരെ നാവികരാണ് രക്ഷിച്ചത്.കൊല്ലത്ത് വീട്ടില്‍ ഇവരുടെ വരവും കാത്ത് ബന്ധുക്കളും എം.എല്‍.എ എം മുകേഷും കൊല്ലം മേയര്‍ രാജേന്ദ്ര ബാബു ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും നില്‍പ്പുണ്ടായിരുന്നു.

സര്‍ക്കാരിന്റെ നല്ല ഇടപെടല്‍ കൊണ്ടാണ് തങ്ങള്‍ രക്ഷപെട്ടതെന്ന് ആന്റണി പറഞ്ഞു.പേടിപ്പിക്കുന്ന കാറ്റിലും മഴയിലും ആടിയുലഞ്ഞ ബോട്ട് മറിഞ്ഞ് പോകാതെയും കയറിയ വെള്ളം ഒഴുക്കി കളഞ്ഞുമാണ് പിടിച്ചു നിന്നത്. നാവിക സേനയുടെ ഹെലികോപ്റ്റര്‍ കണ്ടെത്തുമ്പോള്‍ കൊല്ലത്ത് നിന്ന് ഏതാണ്ട് 170 കിലോമീറ്റര്‍ അകലെയായിരുന്നു നിയന്ത്രണമില്ലാതെ ബോട്ട്.

അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നത് പൂര്‍ണമായും വിലക്കിയിട്ടുണ്ട്.8 കോടിയോളം രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടായെന്നാണ് പ്രാഥമിക വിവരം.

Top