ആക്രമണ ഭീതി: ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷയ്ക്ക് ഒമാന്‍ കടലിടുക്കില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഒമാന്‍ കടലിടുക്കില്‍ വിവിധ രാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒമാന്‍ കടലിടുക്കില്‍ രണ്ട് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് നാവികസേന.

മിസൈല്‍വേധ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ, നിരീക്ഷണക്കപ്പലായ ഐ.എന്‍.എസ് സുനൈന എന്നിവയെയാണ് ഒമാന്‍ കടലിടുക്കില്‍ വിന്യസിച്ചിട്ടുള്ളതെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
ഓപ്പറേഷന്‍ സങ്കല്‍പ്പ് എന്നപേരിലാണ് ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നാവികസേനയുടെ നീക്കം. യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതിന് പുറമെ വ്യോമനിരീക്ഷണവും നടത്തുന്നുണ്ട്. ഗുരുഗ്രാമിലുള്ള കേന്ദ്രത്തില്‍ ഒമാന്‍ കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം നാവികസേനനിരീക്ഷിക്കുന്നുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളായതിന് പിന്നാലെയാണ് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് അതീവ ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് നല്‍കിയത്. ജൂണ്‍ 13നും 16നുമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യന്‍ ചരക്ക് കപ്പലുകളുടെയും എണ്ണക്കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നാവികസേന പ്രതിജ്ഞാബദ്ധമാണെന്നും സേനാ വക്താവ് അറിയിച്ചു.

Top