ദുരന്തമുഖത്തു നിന്നും സന്തോഷവാര്‍ത്ത; നേവി രക്ഷിച്ച യുവതിയക്ക് സുഖപ്രസവം

ആലുവ: കേരളത്തില്‍ മഹാപ്രളയം ദുരന്തം വിതച്ച സാഹചര്യത്തില്‍ ഒരു സന്തോഷവാര്‍ത്ത എത്തുകയാണ്. ആലുവ അത്താണിയില്‍ നേവി രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു എന്നതാണ് ആ സന്തോഷ വാര്‍ത്ത. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട സജിത എന്ന യുവതിയെയാണ് നേവി ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ പ്രളത്തില്‍ ഒറ്റപ്പെട്ട കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ സാധിച്ചതും ഏറെ സന്തോഷകരമായ വാര്‍ത്ത തന്നെയാണ്. പേട്ടാശേരിയില്‍ നിന്നുമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. ഹെലികോപ്റ്റര്‍ നാവികസേനയാണ് കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്.

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. 52,856 കുടുംബങ്ങളിലായി 2,23,000 പേര്‍ ദുരിതശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് പിണറായി വിജയന്‍ അറിയിച്ചിരുന്നു. എറണാകുളം ജില്ലയിലും മഴക്ക് നേരിയ തോതില്‍ കുറവ് വന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായി നടത്താന്‍ മഴ മാറി നില്‍ക്കുന്നത് സഹായിക്കും. 13 ജില്ലകളില്‍ നിലവില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Top