കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: സുരക്ഷക്കായി ടാസ്ക് ഗ്രൂപ്പുകൾ വിന്യസിച്ച് നാവികസേന

ന്യൂഡൽഹി : രാജ്യാന്തര കപ്പൽപാതയിലൂടെ കടന്നുപോകുന്ന ചരക്കു കപ്പലുകൾക്കു നേരെ ആക്രമണങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിൽ മധ്യ–വടക്കൻ അറബിക്കടലിലും ഏദൻ ഉൾക്കടലിലും സുരക്ഷ കർശനമാക്കി ഇന്ത്യൻ നാവികസേന. സമുദ്ര സുരക്ഷ ശക്തമാക്കുന്നതിനും കപ്പലുകളെ സഹായിക്കുന്നതിനുമായി നേവൽ ടാസ്ക് ഗ്രൂപ്പുകളെ വിന്യസിച്ചു.

ആളില്ലാ വിമാനം (യുഎവി), മാരിടൈം പട്രോളിങ് എയർക്രാഫ്റ്റ്, ദീർഘദൂര മാരിടൈം എയർക്രാഫ്റ്റ് എന്നിവയും വിന്യസിച്ചതായി നാവികസേന അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ കോസ്റ്റ് ഗാർഡുമായി അടുത്തു പ്രവർത്തിക്കുന്നതായും സേന വ്യക്തമാക്കി.

രാജ്യാന്തര കപ്പൽപാതയിലൂടെ കടന്നുപോകുന്ന ചരക്കു കപ്പലുകൾക്കു നേരെ കഴിഞ്ഞ കുറച്ചു ആഴ്ചകളായി നിരവധിതവണ ആക്രമണം നേരിടേണ്ടിവന്ന സാഹചര്യത്തിലാണു നാവികസേന സുരക്ഷ കർശനമാക്കിയത്. ഇന്ത്യൻ തീരത്തുനിന്നും 700 നോട്ടിക്കൽ മൈൽ ദൂരത്ത് എംവി റൂവനു നേരെയും അറബിക്കടലിൽ എംവി കെം പ്ലൂട്ടോയ്ക്കു നേരെയുമുണ്ടായ ആക്രമണം കണക്കിലെടുത്താണ് നടപടി.

Top