ദേശ സുരക്ഷയെയും വെല്ലുവിളിച്ച് അന്‍വര്‍, എം.എല്‍.എയുടെ കമ്പനിക്കെതിരെ സേന !

anvarmla

കൊച്ചി: ദേശസുരക്ഷയെയും വെല്ലുവിളിച്ച് സി.പി.എം സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വര്‍. കേന്ദ്ര സര്‍ക്കാര്‍ കരിംപട്ടികയില്‍പ്പെടുത്തിയ അന്‍വറിന്റെ കമ്പനി സുരക്ഷാനിയമം ലംഘിച്ച് സുരക്ഷാ മേഖലയില്‍ കെട്ടിടം പണിയുന്നതായി കാണിച്ച് നാവികസേന നല്‍കിയ നോട്ടീസ് പുറത്ത്.

ആലുവക്കടുത്ത് എടത്തല പഞ്ചായത്തില്‍ നാവികസേനയുടെ ആയുധസംഭരണ കേന്ദ്രമായ എന്‍.എ.ഡി (നേവല്‍ ആര്‍മന്റ് ഡിപ്പോ) സുരക്ഷാമേഖലയായി പ്രതിരോധ ഗസ്റ്റ് വിജ്ഞാപന പ്രകാരം പ്രഖ്യാപിച്ച അതീവ സുരക്ഷാ പ്രദേശത്ത് നിയമവിരുദ്ധമായി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പീവീആര്‍ റിയല്‍റ്റേഴ്‌സിന്റെ കെട്ടിട നിര്‍മ്മാണം അടിയന്തിരമായി തടയണമെന്നാവശ്യപ്പെട്ട് എന്‍.എ.ഡി ചീഫ് ജനറല്‍ മാനേജര്‍ ഏറണാകുളം ജില്ലാ കളക്ടര്‍ക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും അയച്ച കത്താണ് പുറത്തായത്.

anvar_encrochment

നാവികസേനയുടെ പഴയ ആയുധങ്ങള്‍ നശിപ്പിക്കുകയും പുതിയവ പരീക്ഷിക്കുകയും ചെയ്യുന്ന തന്ത്രപ്രധാനമായ സ്ഥലമാണ് എടത്തലയിലെ എന്‍.എ.ഡി. ഇതിനോട് ചേര്‍ന്ന് യാതൊരു നിയമവും പാലിക്കാതെയാണ് എട്ടുനിലക്കെട്ടിടം പണിതത്. കെട്ടിടത്തിനു മുകളില്‍ കയറിയാല്‍ എന്‍.എഡിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം മനസിലാക്കാന്‍ കഴിയും. ഇത് രാജ്യസുരക്ഷയെതന്നെ ബാധിക്കുന്നതാണ്.

എന്‍.എ.ഡിയുടെ എന്‍.ഒ.സിയില്ലാതെ സുരക്ഷാമേഖലയില്‍ കെട്ടിടം പണിയാന്‍പോലും പാടില്ല. എന്നാല്‍ ഈ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തുകയാണ് അന്‍വര്‍.

കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയാണ് പി.വി അന്‍വര്‍ എം.എല്‍.എയുടെ പീവീആര്‍ റിയല്‍റ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനി സുരക്ഷാ നിയമം ലംഘിച്ച് രാജ്യസുരക്ഷക്ക് ഭീഷണി ഉയര്‍ത്തുമ്പോഴും ജില്ലാ ഭരണകൂടവും പഞ്ചായത്തധികൃതരും നടപടിയെടുക്കാത്തതാണ് വിചിത്രം.

നേരത്തെ കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലില്‍ നിയമംലംഘിച്ച് വാട്ടര്‍തീം പാര്‍ക്ക് പണിതും ചീങ്കണ്ണിപ്പാലിയില്‍ കാട്ടരുവിയില്‍ തടയണകെട്ടിയും അന്‍വര്‍ വിവാദത്തിലായിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ അത്യന്തംഗൗരവകരമാണ് ദേശസുരക്ഷയെ വെല്ലുവിളിച്ചുള്ള അനധികൃത നിര്‍മ്മാണം.

Top