നാവിഗേഷൻ ചാർട്ടില്ലാതെ പറന്നുയർന്നു; ഗോ എയറിന്റെ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: നാവിഗേഷൻ ചാർട്ടില്ലാതെ പറന്നുയർന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. വെള്ളിയാഴ്ച പറയുന്നുയർന്ന ഗോ എയറിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന വിമാനത്തിൽ 146 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ഡൽഹിയിൽ നിന്ന് പറന്നുയർന്നതിനു ശേഷമാണ് ബാങ്കോക്കിലേക്കുള്ള നാവിഗേഷൻ ചാർട്ടില്ലെന്ന കാര്യം വിമാന ജീവനക്കാർ മനസ്സിലാക്കിയത്. ഇതേ തുടർന്ന് അൽപ സമയത്തിനുള്ളിൽ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.

നേരത്തെ ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെടാനിരുന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അവസാന നിമിഷം എയർലൈൻ അധികൃതർ മാറ്റുകയായിരുന്നു. അതിനു പകരം എത്തിച്ച വിമാനത്തിൽ നാവിഗേഷൻ ചാർട്ടുണ്ടോ എന്ന് ജീവനക്കാർ പരിശോധിച്ചില്ല. ഇത് ശ്രദ്ധിക്കാത്തത് കാരണം നാവിഗേഷൻ ചാർട്ടില്ലാതെ വിമാനം പറന്നുയർന്നു. തിരിച്ച് ഇറക്കിയ വിമാനം ഉച്ചയ്ക്കു ശേഷം വീണ്ടും പുറപ്പെട്ടു.

Top