തേജസ്വിനി ബസ് ; അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്കായി മുംബൈ നിരത്തുകളിൽ

Navi Mumbai

മുംബൈ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് മാത്രമായുള്ള തേജസ്വിനി ബസുകൾ പുറത്തിറക്കാനൊരുങ്ങി നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. ഒരു മാസത്തിനുള്ളിൽ ഇത്തരത്തിൽ പത്തു മിനി ബസുകൾ നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ടിൽ (എൻഎംഎംടി) വിതരണം ചെയ്യും.

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് പരിഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് എൻഎംഎംസി ഈ പദ്ധതി അവതരിപ്പിക്കുന്നത്. പദ്ധതിക്കായി പുതിയ വനിതാ ഡ്രൈവർമാരെയും കണ്ടക്ടര്‍മാരെയും സംസ്ഥാന ട്രാൻസ്പോർട്ട് നിയമിച്ചിട്ടുണ്ട്. തേജസ്വിനി പദ്ധതി നവി മുംബൈയിലും സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലും സാധ്യമാക്കുമെന്നും, ഇത് സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുമെന്നും കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.

സംസ്ഥാന ഭരണകുടം തേജസ്വിനി ബസ് വാങ്ങുന്നതിനായി രണ്ടരക്കോടി രൂപ നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷന് അനുവദിച്ചിരുന്നു. 25 ലക്ഷം രൂപ വിലയുള്ള 10 ബസുകളാണ് ഇത്തരത്തിൽ നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് വാങ്ങിയത്.

ഒരു ബസിൽ 30 സ്ത്രീ യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും. സ്ത്രീകൾക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. ബസ്സുകളുടെ ഡ്രൈവർമാരും കണ്ടക്ടർമാരും സ്ത്രീകളായിരിക്കുമെന്നും,സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതവും സുഖകരവുമായ യാത്രയാണ് ഇതിലൂടെ നൽകുന്നതെന്നും മുനിസിപ്പൽ കമ്മീഷണർ രാമസ്വാമി എൻ പറഞ്ഞു.

പ്രതിദിനം 2.25 ലക്ഷം യാത്രക്കാർ എൻഎംഎംടി ബസ്സുകളിലൂടെ യാത്ര ചെയ്യുന്നു. ഇതിൽ കുടുതലും ജോലിക്കാരായ സ്ത്രീകൾ, സ്കൂൾ, കോളേജ് പെൺകുട്ടികൾ എന്നിവരാണ്. ബസിൽ സ്ത്രീ യാത്രക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിൽ നിന്നെല്ലാം മാറി സുരക്ഷിതമായ യാത്രയാണ് തേജസ്വിനി പദ്ധതി ലക്ഷ്യമാക്കുന്നത്.

റിപ്പോർട്ട് രേഷ്മ പി.എം

Top