നവീന്‍ പട്‌നായിക്ക് നരേന്ദ്ര മോദിയുടെ മറ്റൊരു പതിപ്പെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പ്രധാനമന്ത്രിയുടെ മറ്റൊരു പതിപ്പെന്ന വിമര്‍ശനവുമായ് രാഹുല്‍ ഗാന്ധി. ഒഡീഷയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ ഈ വിമര്‍ശനം ഉന്നയിച്ചത്.

നവീന്‍ പട്‌നായിക്ക് ഒരു ഏകാധിപതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ പതിപ്പാണെന്നും രാഹുല്‍ പറഞ്ഞു. ദേശീയതലത്തില്‍ മോദിക്കെതിരെയും ഒഡീഷയില്‍ മോദി പതിപ്പിനെതിരെയും കോണ്‍ഗ്രസ് പോരാടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘പക്ഷേ, നവീന്‍ പട്‌നായിക്ക് ഇതുവരെ പ്രധാനമന്ത്രിയെപോലെ ആയിട്ടില്ല. അഴിമതി കേസുകളില്‍ നവീന്‍ പട്‌നായിക്കിന് മുകളില്‍ ഒരു സ്വാധീനം ചെലുത്താന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ട്. ഇരു നേതാക്കളും തമ്മില്‍ രഹസ്യ ധാരണയുണ്ട്. മോദിയെ എല്ലാക്കാലത്തും നവീന്‍ പിന്തുണയ്ക്കും.

അതിപ്പോള്‍ ജിഎസ്ടി ആയാലും നോട്ട് നിരോധനം ആയാലും. ഒഡീഷയെ ഏകാധിപത്യ ഭരണത്തില്‍നിന്ന് കരകയറ്റി ജനങ്ങള്‍ക്ക് കൈമാറണം. അതാണ് ഒഡീഷയില്‍ കോണ്‍ഗ്രസ് നടപ്പിലാക്കാന്‍ പോകുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Top