എല്ലാ അംഗങ്ങളും ദ്രൗപതി മുർമുവിന് വോട്ട് ചെയ്യണം: നവീൻ പട്നായിക്

ഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് പിന്തുണയേറുന്നു . എല്ലാ അംഗങ്ങളും ദ്രൗപതി മുർമുവിന് വോട്ട് ചെയ്യണമെന്ന് നവീൻ പട്നായിക് പറഞ്ഞു. ജെഡിയുവും ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്താങ്ങിയ ജാർഖണ്ഡ് മുക്തി മോർച്ചയും മുർമുവിന് അനുകൂലമായി നിലപാട് മാറ്റിയേക്കും. അതേസമയം പിൻമാറില്ലെന്നറിയിച്ച പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണിതെന്ന് വ്യക്തമാക്കി.

നിതീഷ് കുമാറിൻറെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത നവീൻ പട്നായിക്, ഇക്കാര്യം തന്നോട് ചർച്ച ചെയ്തതിൽ സന്തോഷമുണ്ടെന്നും അറിയിച്ചു. ഉന്നത പദവിയിലേക്ക് പട്ടിക വർഗ്ഗത്തിൽ നിന്നൊരു വനിതയെ സ്ഥാനാർത്ഥിയാക്കതിൽ സന്തോഷമുണ്ടെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. അഗ്നിപഥിനെതിരായ പ്രതിഷേധങ്ങളെ ചൊല്ലി ഇടഞ്ഞ് നിൽക്കുന്നതിനാൽ ജെഡിയു പിന്തുണ ബിജെപിക്ക് കിട്ടുമോ എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ജെഡിയുവിൻറെ പിന്തുണ ഉറപ്പായതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎ. പാർട്ടി ദേശീയ അധ്യക്ഷൻ ലാലൻ സിംഗും മുർമുവിൻറെ സ്ഥാനാർത്ഥിത്വത്തെ പുകഴ്ത്തി.

Top