എനിക്ക് ഏകാന്തത ആവശ്യമാണെന്ന് തോന്നി; മനസ്സ് തുറന്ന് നവാസ്

കൊച്ചി: മനസ്സ് തുറന്ന് എറണാകുളം സെന്‍ട്രല്‍ സിഐ വി.എസ് നവാസ്. തനിക്കു പറയാനുള്ള കാര്യങ്ങളെല്ലാം മേലുദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ടെന്നും ആത്മഹത്യ ചെയ്യില്ലെന്നു തീരുമാനിച്ചാണു യാത്രയെന്നും നവാസ് പറഞ്ഞു.

മനസമാധാനം തേടിയാണു മാറിനിന്നത്. ഗുരുവിനെ കാണാനായി രാമനാഥപുരത്തു പോയിരുന്നു. വിഷമമുണ്ടാകുമ്പോള്‍ നാം സ്വയം കലഹിക്കും. അല്ലെങ്കില്‍ മറ്റുള്ളവരോടു കലഹിക്കും. അല്ലെങ്കില്‍ എവിടെയെങ്കിലും എകാന്തമായി അടച്ചിരിക്കും. എനിക്ക് ഒരു ഏകാന്തത ആവശ്യമുണ്ടെന്നു തോന്നി. മനസിനെ തൃപ്തിപ്പെടുത്താനാണു യാത്രപോകാന്‍ തീരുമാനിച്ചതെന്നും നവാസ് പറഞ്ഞു.

തന്നെ സ്‌നേഹിക്കുന്ന ആളുകള്‍ക്ക് തന്നോടു കലഹിക്കാനും അവകാശമുണ്ട്. തനിക്കു കിട്ടിയതിനെക്കാള്‍ സ്‌നേഹം പ്രവൃത്തിയിലൂടെ നല്‍കിയിട്ടേ പൊലീസിന്റെ പടിയിറങ്ങുകയുള്ളുവെന്നും നവാസ് പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ തേവരയിലെ ക്വാര്‍ട്ടേഴ്‌സില്‍നിന്നു കാണാതായ നവാസിനെ ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനു തമിഴ്‌നാട്ടിലെ കരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു റെയില്‍വേ പൊലീസാണു കണ്ടെത്തിയത്. പിന്നീട് കളമശേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ എത്തിച്ച നവാസില്‍നിന്നു ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തു.

മേലുദ്യോഗസ്ഥനില്‍നിന്നുണ്ടായ മാനസിക പീഡനത്തെത്തുടര്‍ന്നാണു നവാസ് നാടുവിട്ടതെന്നു ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണു സംഭവം വിവാദമായത്. തിരോധാനത്തിന്റെ യഥാര്‍ഥ കാരണങ്ങളറിയാന്‍ അന്വേഷണ സംഘം രണ്ടു ദിവസത്തിനുള്ളില്‍ നവാസിനെ ചോദ്യം ചെയ്യും.

ആരോപണവിധേയനായ അസിസ്റ്റന്റ് കമ്മീഷണര്‍ പി.എസ്. സുരേഷില്‍നിന്ന് അന്വേഷണ സംഘം വെള്ളിയാഴ്ച മൊഴിയെടുത്തിരുന്നു. ഒരുതരത്തിലുമുള്ള സമ്മര്‍ദവും നവാസിനു നല്‍കിയിട്ടില്ലെന്നായിരുന്നു എസിപിയുടെ മൊഴി. സംഭവം സംബന്ധിച്ച സത്യാവസ്ഥ അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും കൊച്ചി സിറ്റി കമ്മീഷണര്‍ വിജയ് സാഖറെയും വ്യക്തമാക്കിയിട്ടുണ്ട്.

Top