കെപിസിസിയുടെ നവ സങ്കല്‍പ്പ ചിന്തന്‍ ശിബിരം കോഴിക്കോട് ആരംഭിച്ചു

കോഴിക്കോട്:  നവ സങ്കല്‍പ്പ ചിന്തന്‍ ശിബിരം കോഴിക്കോട് ആരംഭിച്ചു. കെ കരുണാകരന്‍ നഗറില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പതാക ഉയര്‍ത്തി ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രധാന വേദിയിലേക്ക് പ്രവേശിച്ചു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ മിക്കവരും കോഴിക്കോട്ടെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ചിന്തന്‍ ശിബിരം സംഘടിപ്പിക്കുന്നത്. 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ഒരു കലണ്ടര്‍ ചിന്തന്‍ ശിബിരത്തില്‍ തയ്യാറാക്കും. പാര്‍ട്ടിയുടെ കാലാനുസൃതവും സമൂലവുമായ നവീകരണം എന്ന ലക്ഷ്യമാണ് ഈ ഉദ്യമത്തിന് പിന്നില്‍. പാര്‍ട്ടി ഫോറങ്ങളില്‍ ദളിത്, പിന്നാക്ക,ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വനിതകള്‍, യുവാക്കള്‍ എന്നിവര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് സംബന്ധിച്ച നയരൂപീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയാകും.

ഉദ്ഘാടന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവുമായ ദ്വിഗ്വിജയ് സിങ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ എന്നിവര്‍ അഭിസംബോധന ചെയ്തു. എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങള്‍, പോഷക സംഘടനാ സംസ്ഥാന പ്രസിഡന്റുമാര്‍, ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ 191 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അഞ്ച് കമ്മിറ്റികളാണ് ചിന്തന്‍ ശിബിരത്തിന്റെ ചര്‍ച്ചാ വിഷയങ്ങള്‍ തയ്യാറാക്കുന്നത്. ഇവയെ അധികരിച്ച് പ്രതിനിധികളുടെ ചര്‍ച്ച നടക്കും.

Top