പ്രകൃതിക്ക് ‘മരണമണി’ മുഴക്കി കേന്ദ്രം, ഈ ‘കളി’ മനുഷ്യരാശിക്ക് അപകടം !

ഭൂമിക്കിപ്പോള്‍ ചരമഗീതം പാടുന്നത് മോദി സര്‍ക്കാറാണ്. ജനങ്ങളെ ഭയക്കാത്തവര്‍ പ്രകൃതിയെയും വേട്ടയാടുവാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ പുതിയ നിയമം കൊണ്ട് വന്ന് പ്രകൃതിയെ തന്നെ ശ്വാസം മുട്ടിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമാണ് ഇ.ഐ.എ കരട് വിജ്ഞാപനം. എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് അഥവാ, പരിസ്ഥിതി ആഘാത പഠന വിലയിരുത്തല്‍ എന്നതാണ് ശരിക്കുമുള്ള പേര്. ഈ നിയമം നടപ്പായാല്‍ കേരളം ഉള്‍പ്പെടെ, വലിയ ദുരന്തത്തിലേക്കാണ് പോവുക.

പാരിസ്ഥിതികാനുമതി വേണ്ട മേഖലകളുടെ പട്ടികയില്‍ നിന്ന് ഒട്ടേറെ വ്യവസായങ്ങളെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ഒഴിവാക്കുന്നതാണ് കരട് നിര്‍ദ്ദേശങ്ങള്‍. ഇ.ഐ.എ പ്രകാരം മലയോര, ഗോത്ര മേഖലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആര്‍ക്കും ഒരു തടസ്സവുമുണ്ടാവുകയില്ല. നിലവിലെ നിയമമനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ദ സമിതിയുടെ പരിസ്ഥിതി ആഘാത പഠനം അനിവാര്യമാണ്.

പുതിയ കരടനുസരിച്ച് ഒരു കമ്പനിക്കും ഇനി ഇങ്ങനെ മുന്‍കൂര്‍ അനുമതി ആവശ്യമേയില്ല. പരിസരവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും വാക്കുകള്‍ക്കും പുല്ലുവിലയാണുണ്ടാകാന്‍ പോകുന്നത്. മാത്രമല്ല, തന്ത്രപ്രധാനമെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ പിന്നെ, ഒരു വിവരവും ജനങ്ങള്‍ക്ക് നല്‍കേണ്ട ആവശ്യം പോലും വരികയില്ല. പരിസ്ഥിതി അവകാശങ്ങളെ മാത്രമല്ല വിവരാവകാശം പോലുള്ള മൗലിക അവകാശങ്ങളെയും വെല്ലുവിളിക്കുന്നതാണ് ഇ.ഐ.എ 2020 കരട് വിജ്ഞാപനം. ചുരുക്കത്തില്‍ പറഞ്ഞാല്‍ പ്രകൃതിയുടെ കടയ്ക്കല്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കത്തി വയ്ക്കാം. അതിനുള്ള അനുമതിയാണ് പുതിയ നിയമം വഴി കേന്ദ്രം ലക്ഷ്യമിടുന്നത്.

2.70 മീറ്ററില്‍ കുറവ് വീതിയുള്ള ഹൈവേകള്‍ക്കും ഇനി അനുമതി വേണ്ടിവരില്ല. ഇന്ത്യയില്‍ നിലവിലുള്ള എല്ലാ ഹൈവേകളും 60 മീറ്ററില്‍ താഴെ മാത്രം വീതിയുള്ളതാണെന്നതും നാം ഓര്‍ക്കണം. ഉള്ള മലകളും പുഴകളും പോലും ഓര്‍മ്മയാകാന്‍ പോകുന്ന അപകടകരമായ അവസ്ഥയായാണ് പുതിയ കരട് വിജ്ഞാപനത്തെ പരിസ്ഥിതി പ്രവര്‍ത്തകരും നോക്കി കാണുന്നത്. അതുകൊണ്ടാണ് മാധവ് ഗാഡ്ഗില്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാരും ശക്തമായി രംഗത്ത് വന്നിരിക്കുന്നത്. പശ്ചിമ ഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ നല്‍കിയ റിപ്പോര്‍ട്ട് നടപ്പാക്കാത്തത് കൊണ്ടുകൂടിയാണ് കേരളം പ്രകൃതി ദുരന്തത്തിന് ഇരയായിരുന്നത്. ഈ യാഥാര്‍ത്ഥ്യം കണ്ടില്ലന്ന് നടിച്ച് ഖനന മാഫിയയെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

പരിസ്ഥിതി ആഘാത പഠനം 2020 കരട് വിജ്ഞാപനം, കേന്ദ്ര സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ നയമാണെന്നാണ്, രാജ്യത്തെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ തുറന്നടിച്ചിരിക്കുന്നത്. പരിസ്ഥിതിക്ക് കൂടുതല്‍ ആഘാതങ്ങള്‍ ഉണ്ടാക്കുന്നതാകും ഇതെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധവുമായി രംഗത്തുള്ള എല്ലാവര്‍ക്കും പിന്തുണയെന്നാണ് മാധവ് ഗാഡ്ഗില്‍ പറയുന്നത്. പ്രകൃതിയോടുള്ള വെല്ലുവിളിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

പശ്ചിമഘട്ട സംരക്ഷണത്തിനായി തയ്യാറാക്കിയ റിപ്പോര്‍ട്ട് അട്ടിമറിച്ചതായും, ഗാഡ്ഗില്‍ ആരോപിച്ചിട്ടുണ്ട്. ഇപ്പോള്‍ പരിസ്ഥിതി ആഘാത പഠനത്തിനുള്ള വ്യവസ്ഥകള്‍ കൂടി ദുര്‍ബലമാക്കിയിരിക്കുകയാണ്. പരിസ്ഥിതിയെ തകര്‍ക്കുന്ന തീരുമാനത്തില്‍ നിന്നും, കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും ഗാഡ്ഗില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേന്ദ്ര നീക്കത്തിനെതിരെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതി പാസാക്കിയ പോലെ, പ്രകൃതിയോടും കൈവിട്ട കളിക്ക് കേന്ദ്രം തുനിയുന്നത്, വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. അതിന് വില കൊടുക്കേണ്ട വരിക മനുഷ്യര്‍ ഉള്‍പ്പെടെ സകല ജീവജാലങ്ങളുമാണ്. അവിടെ, ജാതി- മത- രാഷ്ട്രീയ വേർതിരിവുകൾ വിലപ്പോവുകയില്ല. പ്രകൃതിയുടെ കോപത്താൽ, എല്ലാം നാമാവിശേഷമായി പോകും.ഇത് തിരിച്ചറിഞ്ഞ് പ്രതിഷേധിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. അതിന് ഇനിയും വൈകിയാല്‍ പിന്നെ പ്രതികരിക്കാന്‍ ആരും അവശേഷിച്ചെന്ന് വരികയില്ല.

Top