സ്വാഭാവിക റബ്ബറിന്റെ ഉത്പ്പാദനം കുറയുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ സ്വാഭാവിക റബ്ബര്‍ ( നാച്വുറല്‍ റബ്ബര്‍) ഉത്പ്പാദനം 18 മുതല്‍ 20 ശതമാനം വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്‍വെസ്റ്റ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്രെഡിറ്റ് ഏജന്‍സിയായ ഐസിആര്‍എ ലിമിറ്റഡ്.

ഇത് ടയര്‍ നിര്‍മാണ മേഖലയെ മുഴുവനായി ബാധിക്കുമെന്ന് ഐസിആര്‍എയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേരളത്തിലുണ്ടായ പ്രളയം സ്വാഭാവിക റബ്ബറിന്റെ ഉത്പ്പാദനത്തെ സാരമായി ബാധിച്ചു. ഇത് ടയര്‍ നിര്‍മാണ മേഖലയിലെ മൊത്തം ഉത്പ്പാദന ചെലവിന്റെ 35 ശതമാനവും പ്രകൃതിദത്ത റബറിനായാണ് ചെലവിടുന്നത്. അതിനാല്‍ റബ്ബറിന്റെ ഉത്പ്പാദനം കുറയുന്നത് ടയര്‍ നിര്‍മാണ കമ്പനികളുടെ പ്രവര്‍ത്തന ചെലവ്‌ വര്‍ധിക്കാനിടയാക്കുമെന്ന് ഐസിആര്‍എ വ്യക്തമാക്കുന്നു.

റബ്ബര്‍ മരങ്ങളില്‍ പടരുന്ന രോഗങ്ങള്‍ക്കൊപ്പം, ചില ജില്ലകളിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അടുത്ത കുറച്ച് മാസങ്ങളില്‍ റബ്ബറിന്റെ ഉത്പ്പാദനം പാടെ കുറയാന്‍ കാരണമാകുമെന്ന് ഐസിആര്‍എ കോര്‍പ്പറേറ്റ് റേറ്റിംഗ്സ് സെക്റ്റര്‍ വൈസ് പ്രസിഡന്റ് കെ ശ്രീകുമാര്‍ പറഞ്ഞു. റബര്‍ വ്യവസായത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ടാപ്പിംഗ് സീസണാണ് വരുന്ന മാസങ്ങള്‍ . 2019ല്‍ സ്വഭാവിക റബ്ബറിന്റെ ഉത്പാദനം 1.2-1.4 ലക്ഷം ടണ്ണായി( 1820%) ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top