പ്രകൃതിവാതക വില ഒക്‌റ്റോബര്‍ മുതല്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പ്രകൃതിവാതക വില ഒക്‌റ്റോബര്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ 14 ശതമാനം ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമൂലം സിഎന്‍ജി വില ഉയരുമെന്നും വൈദ്യുതി, യൂറിയ ഉല്‍പ്പാദന ചെലവ് ഉയരുന്നതിന് കാരണമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ ഒരു മില്യണ്‍ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് (എംഎംബിടിയു) പ്രകൃതിവാതകത്തിന് 3.5 യുഎസ് ഡോളറാകും. നിലവിലിത് 3.06 യുഎസ് ഡോളറാണ്.

പ്രകൃതിവാതകത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമായ അമേരിക്ക, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിലയെ അടിസ്ഥാനമാക്കി വില നിര്‍ണയിക്കുന്ന രീതി ഇന്ത്യയില്‍ നടപ്പിലാക്കിയത് 2014 മുതലാണ്. 2014ല്‍ എന്‍.ഡി.എ സര്‍ക്കാറാണ് ഈ ഫോര്‍മുല അംഗീകരിച്ചത്. ഈ രാജ്യങ്ങളിലെ ശരാശരി നിരക്കിനെ അടിസ്ഥാനമാക്കിയാണ് പ്രകൃതി വാതക വില ഓരോ ആറ് മാസം കൂടുമ്പോഴും നിര്‍ണയിക്കുന്നത്. സെപ്റ്റംബര്‍ 28ന് വിലനിര്‍ണയം പ്രഖ്യാപിക്കുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. നിലവില്‍ പ്രാദേശിക വിലയേക്കാള്‍ ഇരട്ടിയിലധികം കൊടുത്ത് രാജ്യത്ത് ആവശ്യമുള്ളതിന്റെ പകുതിയോളം പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

പ്രകൃതിവാതക വില കൂടുന്നത് ഈ മേഖലയിലെ ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒ.എന്‍.ജി.സി), ഓയില്‍ ഇന്ത്യ, സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടാക്കും. വാതകവിലയില്‍ ഒരു ഡോളര്‍ കൂടുേമ്പാള്‍ പൊതുമേഖല കമ്പനികള്‍ക്ക് 4000 കോടിയുടെ അധിക വാര്‍ഷിക വരുമാനം ലഭിക്കുമെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ നിരക്കനുസരിച്ചാണ് റിലയന്‍സും പ്രകൃതിവാതകം വില്‍ക്കുന്നത്. 2017 ഒക്ടോബറിലാണ് രാജ്യത്ത് അവസാനമായി പ്രകൃതിവാതകത്തിന് വില വര്‍ധിപ്പിച്ചത്.

Top