പ്രകൃതിദുരന്തം; കേരളത്തിന് 150 മില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ച് ലോകബാങ്ക്

 

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ക്കായി കേരളത്തിന് ലോകബാങ്ക് 150 മില്യണ്‍ ഡോളര്‍ കേരളത്തിനായി വായ്പ അനുവദിച്ചു. ആറ് വര്‍ഷം ഗ്രേസ് പിരീഡ് ഉള്‍പ്പെടെ പതിനാല് വര്‍ഷത്തെ കാലാവധിയാണ് വായ്പാ തുക തിരിച്ചടയ്ക്കാനുള്ളത്.

കാലവര്‍ഷം അടുത്തിരിക്കുന്ന സമയത്ത് അധിക തുക സംസ്ഥാനത്തിന് അനുവദിച്ച് കിട്ടുന്നത് കേരളത്തിന് ആശ്വാസമാകും. ദുരന്തങ്ങള്‍ക്ക് ശേഷം ഭാവിയിലെ പദ്ധതികള്‍ക്കും നയങ്ങള്‍ക്കും രൂപം നല്‍കാനും ഈ തുക വിനിയോഗിക്കാവുന്നതാണ്. കാലാവസ്ഥാ ബജറ്റ് തയ്യാറാക്കുന്നതിനും ഉപയോഗിക്കാവുന്ന തുകയാണ് ഈ 1228 കോടിയുടെ വായ്പ. രണ്ട് പ്രളയങ്ങളില്‍ കെടുതി നേരിട്ട ഏകദേശം 50 ലക്ഷത്തോളം ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് കേരള ബാങ്കിന്റെ സഹായം.

യുഎസ് സന്ദര്‍ശനത്തിനിടെ ലോകബാങ്ക് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്ക് മാനേജിങ് ഡയറക്ടറുമായും പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് വായ്പ ലഭ്യമാകുന്ന സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം.

 

Top