ചാണകവെള്ളം തളിച്ച സംഭവം; എംഎല്‍എയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

ചാലക്കുടി: നാട്ടിക എം.എല്‍.എ ഗീതാ ഗോപി ഇരുന്നിടത്ത് ചാണകവെള്ളം തളിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. എംഎല്‍എ സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണക വെള്ളമൊഴിച്ച് കഴുകിയിരുന്നു, ഇതിനെതിരെ ഗീതാ ഗോപി നല്‍കിയ പരാതിയിന്മേലാണ് നടപടി.

യൂത്ത് കോണ്‍ഗ്രസിന്റെ കാടന്‍ സംസ്‌കാരത്തിന്റെ സന്തതികള്‍ക്കു മാത്രമേ ഇങ്ങനെ ചെയ്യാനാകൂ എന്നും, സ്ത്രീത്വത്തിന് നിരക്കാത്ത സംഭവങ്ങളാണ് നടന്നതെന്നും. ഇതിന് നേതൃത്വം നല്‍കിയത് ആരാണെങ്കിലും പ്രതിഷേധാര്‍ഹമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.

ചിറക്കല്‍ റോഡില്‍ കുടിവെള്ള പൈപ്പ് ഇടുന്നതിന് പൊളിച്ച കുഴിയില്‍ അമ്മയും കുഞ്ഞും വീണ സംഭവത്തില്‍ നാട്ടുകാര്‍ എം.എല്‍.എക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്ന് പൊതുമരാമത്ത് ഓഫീസില്‍ ഗീതാ ഗോപി എം.എല്‍.എ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. തൊട്ടു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി എം.എല്‍.എ ഇരുന്ന സ്ഥലം ചാണക വെള്ളമുപയോഗിച്ച് കഴുകി. ഈ സംഭവം വിവാദമായിരുന്നു.

Top