ജോര്‍ദാന്റെ പ്രതിരോധശേഷിക്ക് കരുത്തു പകരാന്‍ സഹായവുമായി നാറ്റോ സംഖ്യം

natto12345

അമ്മന്‍: ജോര്‍ദാന്‍ പ്രതിരോധ വകുപ്പിന് സഹായഹസ്തവുമായി നാറ്റോ സഖ്യം. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതിനുമുള്ള പദ്ധതിയാണ് നെതര്‍ലന്‍ഡ്‌സ്,ജര്‍മ്മനി, നോര്‍വേ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ അടങ്ങുന്ന നാറ്റോ സഖ്യം മുന്നോട്ട് വച്ചത്. മൂന്ന് വര്‍ഷത്തെ പദ്ധതിക്കാണ് സഖ്യം രൂപം നല്‍കിയത്.

സുരക്ഷാ മേഖലകളിലടക്കം ജോര്‍ദാന് പൂര്‍ണമായും കരുത്ത് കൈവരിക്കുന്നതിനുള്ള എല്ലാ സഹായവും സഖ്യം നല്‍കും. ഇറാനും ജോര്‍ദാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് നാറ്റോ സഖ്യം ജോര്‍ദാന് സഹായഹസ്തവുമായി എത്തുന്നതെന്നത് ശ്രദ്ധേയമാണ്.

അടുത്തിടെ, ദാവൂസില്‍ നടന്ന ലോക സാമ്പത്തിക സമ്മേളനത്തിലും ഇറാന്‍-ജോര്‍ദാന്‍ ഭിന്നിപ്പ് മറനീക്കി പുറത്ത് വന്നിരുന്നു. ഇറാന്‍, തങ്ങളുടെ മേഖലയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണെന്ന ജോര്‍ദാന്‍ രാജാവിന്റെ പ്രസ്താവന ഇറാന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന ഇറാന്റെ സ്വാധീനം കുറയ്ക്കാന്‍ സൗദി നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ജോര്‍ദാന്‍ രാജാവ് പറഞ്ഞിരുന്നു.

എന്നാല്‍, തങ്ങളുടെ വിദേശനയത്തെ കുറിച്ചുള്ള ജോര്‍ദാന്‍ രാജാവിന്റെ പ്രസ്താവന നിലവിലെ യാഥാര്‍ത്ഥ്യങ്ങളുമായി ഒത്തുപോകുന്നതല്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ബഹ്‌റാം ഖാസിമി തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇറാന്‍-ജോര്‍ദാന്‍ ഭിന്നിപ്പ് മറ്റ് സുരക്ഷാപ്രശ്‌നങ്ങളിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ജോര്‍ദാന് സഹായവുമായി നാറ്റോ സഖ്യമെത്തുന്നത്.

Top