വിവാഹ ഫോട്ടോഷൂട്ടിനിടെ തമിഴ്‌നാട് സ്വദേശികള്‍ മുങ്ങിമരിച്ചു

ചെന്നൈ: വിവാഹ ഫോട്ടോഷൂട്ടിനിടെ തമിഴ്നാട് സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ മുങ്ങിമരിച്ചു. ബാലിയില്‍ വെച്ചായിരുന്നു ദാരുണാന്ത്യം. ചെന്നൈക്കടുത്തുള്ള പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ ലോകേശ്വരന്‍, വിബുഷ്നിയ എന്നിവരാണ് മരിച്ചത്. വാട്ടര്‍ ബൈക്ക് ഓടിക്കുന്ന ഫോട്ടോഷൂട്ടിനിടെ മുങ്ങിമരിക്കുകയായിരുന്നു.

ജൂണ്‍ 1നായിരുന്നു ഇവരുടെ വിവാഹം. ലോകേശ്വരന്റെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. വിബുഷ്നിയുടേത് ശനിയാഴ്ച രാവിലെയും. സ്പീഡ് ബോട്ട് റൈഡാണ് അപകടത്തിനു കാരണമായതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ബോട്ട് തലകീഴായി മറിയുകയും ഇരുവരെയും കടലിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോവുകയുമായിരുന്നു.

മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. തമിഴ്നാട് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായം തേടിയിട്ടുണ്ട്. ഇന്തോനേഷ്യയില്‍ നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് മലേഷ്യയിലേക്ക് കൊണ്ടുപോകും.

 

Top