കിടന്നുറങ്ങിയ അസം സ്വദേശിയുടെ ഫോണുമായി കടന്ന മോഷ്ടാക്കള്‍ പിടിയില്‍

കോട്ടയം: അസം സ്വദേശിയുടെ മൊബൈല്‍ ഫോണുമായി കടന്ന മോഷ്ടാക്കളെ പിങ്ക് പൊലീസ് പിടികൂടി. പാലാ നീലൂര്‍ ചങ്കളശ്ശേരിയില്‍ മോബിന്‍ തോമസ്, പുതുപ്പള്ളി ഇഞ്ചക്കാട്ടുക്കുന്നേല്‍ സാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. മൈതാനത്ത് കിടന്നുറങ്ങുകയായിരുന്ന ഹബീബ് റഹ്മാന്റെ (19) മൊബൈല്‍ ഫോണാണ് കവര്‍ച്ച ചെയ്തത്. ഹബീബ് ഉടന്‍ തന്നെ സ്റ്റാന്‍ഡിലുണ്ടായിരുന്ന പിങ്ക് പൊലീസിനെ വിവരം അറിയിച്ചു.

സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന മോബിന്‍ തോമസ് പൊലീസിനെ കണ്ട് കടന്നുകളയാന്‍ ശ്രമിച്ചു. പിങ്ക് പൊലീസ് മോബിന്റെ പിന്നാലെയെത്തി പിടികൂടി. എന്നാല്‍ മോബിന്‍ ഫോണ്‍ വില്‍പനയ്ക്കായി സാജനു കൈമാറിയിരുന്നു. പിന്നീട് സാജനെയും പിടികൂടി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബേബി മോള്‍, ടാനിയ, കന്‍സി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

Top