കൊറോണയില്‍ ‘അമിത പ്രതികരണം’ വേണ്ട; മറ്റ് രാജ്യങ്ങളോട് ചൈന!

കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ട വിഷയത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന. എല്ലാ രാജ്യങ്ങളും ഉത്തരവാദിത്വപൂര്‍ണ്ണമായി
പെരുമാറണമെന്ന് ചൈന ആവശ്യപ്പെട്ടു. അമിതമായ രീതിയില്‍ പ്രതികരണം നടത്തിയാല്‍ അമിതമായ പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്നാണ് ചൈനയുടെ നിലപാട്.

ഡിസംബര്‍ അവസാനത്തോടെയാണ് ചൈന ലോകാരോഗ്യ സംഘടനയെ കൊറോണാവൈറസ് സംബന്ധിച്ച് വിവരം അറിയിക്കുന്നത്. ഈ പകര്‍ച്ചവ്യാധി മൂലം ചൈനയിലെ മരണസംഖ്യ ഇതുവരെ 213 ആണ്. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 9692 ആണ്. മറ്റ് 18 രാജ്യങ്ങളിലായി 98 കേസുകളും സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനീസ് നഗരത്തിലെ പ്രഭവകേന്ദ്രമായ വുഹാനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘കൊറോണാവൈറസ് നേരിടുന്നതില്‍ ഗുരുതരാവസ്ഥയിലാണ് ഇപ്പോഴുമുള്ളത്. അന്താരാഷ്ട്ര ഐക്യം വളരെ പ്രധാനമാണ്. അക്കാരണം കൊണ്ട് തന്നെ എല്ലാ രാജ്യങ്ങളും അവസ്ഥ അനുസരിച്ച് പെരുമാറണം, ഉത്തരവാദിത്വം കാണിക്കണം’, യുഎന്നിലെ ചൈനീസ് അംബാസിഡര്‍ സാംഗ് ജുന്‍ പറഞ്ഞു.

വൈറസ് മൂലം മറ്റ് രാജ്യങ്ങള്‍ നേരിടുന്ന ആശങ്ക ബീജിംഗ് മനസ്സിലാക്കുന്നതായി ജുന്‍ വ്യക്തമാക്കി. ചൈനയുടെ പരിശ്രമങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കണമെന്ന ഡബ്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രെയ്‌സസിന്റെ ഉപദേശം എല്ലാവരും കേള്‍ക്കണം. അന്താരാഷ്ട്ര യാത്രയും, വ്യാപാരവും സംബന്ധിച്ച് അനാവശ്യ ഇടപെടല്‍ ഉണ്ടാകരുത്, ചൈനീസ് അംബാസിഡര്‍ ചൂണ്ടിക്കാണിച്ചു.

Top