അയോധ്യ കഴിഞ്ഞു; ഇനി കാശിയും, മഥുരയും ദേശസാത്കരിക്കണം; സുബ്രഹ്മണ്യന്‍ സ്വാമി

ര്‍ക്കഭൂമിയായ കാശിയിലെ ഗ്യാന്‍വാപിയും, മഥുരയിലെ കൃഷ്ണ ജന്മസ്ഥാനും ദേശസാത്കരിക്കണമെന്ന ആവശ്യവുമായി ബിജെപി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ഈ വിഷയത്തില്‍ എരിതീയില്‍ എണ്ണ പകരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ കാശി, മഥുര ക്ഷേത്രങ്ങള്‍ തിരിച്ചുപിടിക്കണമെന്നാണ് തന്റെ വിശ്വാസമെന്ന് സ്വാമി കൂട്ടിച്ചേര്‍ത്തു. അയോധ്യയിലെ രാമജന്മഭൂമി കേസില്‍ വിശ്വാസം പ്രധാന ഘടകമായി കോടതി പരിഗണിക്കുക കൂടി ചെയ്ത ഘട്ടത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമി ഈ ആവശ്യം ഉന്നയിക്കുന്നത്.

‘ഇപ്പോള്‍ എരിതീയില്‍ എണ്ണ ഒഴിക്കാനുള്ള മൂഡില്‍ അല്ല നമ്മള്‍. എന്നാല്‍ അയോധ്യക്ക് ശേഷം കാശി, കൃഷ്ണ ജന്മഭൂമി എന്നിവിടങ്ങള്‍ ദേശസാത്കരിക്കണം, ഇതേക്കുറിച്ച് കോടതിയില്‍ കേസുകളുമില്ല. മസ്ജിദ് നമസ് വായിക്കാനുള്ള ഇടമാണ്, അത് എവിടെ വേണമെങ്കിലും വായിക്കാം. 14 ജ്യോതിര്‍ലിംഗങ്ങള്‍ ഉള്ളതില്‍ എനിക്ക് വിശ്വാസമുണ്ട്, അതിലൊന്ന് കാശിയിലാണ്. സര്‍ക്കാരിന് ഇത് പൊതുഉപയോഗത്തിനായി ഏറ്റെടുക്കാം. 300 എ ശക്തമായ ഒരു ഉപകരണമാണ്. മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങള്‍ അടിസ്ഥാന അവകാശങ്ങള്‍ പോലെ നടപ്പാക്കാന്‍ കഴിയുന്നതല്ല, എന്നിരുന്നാലും സര്‍ക്കാരിന് ശക്തി ഉപയോഗിച്ച് ഇത് നടപ്പാക്കാം’, സ്വാമി വ്യക്തമാക്കി.

അയോധ്യയില്‍ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലം ദേശസാത്കരിച്ചത് മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദേശീയ തലസ്ഥാനത്ത് നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് ബിജെപി രാജ്യസഭാ എം.പി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അയോധ്യ വിധിക്ക് ശേഷമുള്ള ഈ നിലപാടുകള്‍ സുപ്രധാനവുമാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ 67 ഏക്കറാണ് നരസിംഹ റാവു ദേശസാത്കരിച്ചത്. ഇതാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്, സ്വാമി പറഞ്ഞു.

രാമക്ഷേത്രത്തോടൊപ്പം അടുത്ത തര്‍ക്കസ്ഥലങ്ങലിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കങ്ങളെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കുന്ന സൂചന.

Top