ദേശീയ പണിമുടക്കിന്റെ അവധി ആകസ്മിക അവധിയാക്കി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ അവധി ആകസ്മിക അവധിയാക്കി മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രസ്തുത ദിവസം ആകസ്മിക അവധി ഉള്‍പ്പെടെ അര്‍ഹതപ്പെട്ട അവധിയായി അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ ജനുവരി എട്ട്, ഒമ്പത് തീയതികളിലാണ് കേന്ദ്ര സര്‍ക്കാരിനെതിരേ രാജ്യമെമ്പാടും പണിമുടക്ക് നടത്തിയത്. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ പങ്കുചേര്‍ന്നതോടെ ഹര്‍ത്താലിന്റെ പ്രതീതിയുണ്ടാക്കുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തിരുന്നു.

പണിമുടക്കിന് സര്‍ക്കാര്‍ അനുകൂലമായിരുന്നതിനാല്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നില്ല. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചാല്‍ ജോലിക്ക് ഹാജരാകാത്ത ദിവസത്തെ ശമ്പളം ലഭിക്കില്ല. ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തതിനാല്‍ സമരത്തില്‍ പങ്കെടുത്ത എല്ലാപേര്‍ക്കും അവധി ലഭ്യമാകുകയും ശമ്പളം ലഭിക്കുകയും ചെയ്യും. 166കോടി രൂപയാണ് ഇതോടെ സര്‍ക്കാരിന് നഷ്ടക്കണക്കാകാന്‍ പോകുന്നത്.

Top