കഠിനംകുളം പീഡനം: ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി കഠിനംകുളത്ത് മദ്യം കുടിപ്പിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും യുവതിയെ കൂട്ടബലാത്സംഘം ചെയ്ത സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

വനിതകളുടെ സുരക്ഷയിലുള്ള ഗുരുതരമായ വീഴ്ചയാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.അഗാധമായി അസ്വാസ്ഥ്യപ്പെടുത്തുന്ന ഒരു വാര്‍ത്തയാണിത്. ആറു പേരെ ഈ കേസില്‍ അറസ്റ്റു ചെയ്തതായി തിരുവനന്തപുരം റൂറല്‍ എസ്പി അറിയിച്ചുവെന്നും ദേശീയ വനിതാ കമ്മിഷന്‍ പറഞ്ഞു.

ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ എന്തൊക്കെ തുടര്‍ നടപടികള്‍ കൈക്കൊണ്ടുവെന്ന് അറിയിക്കാന്‍ ഡിജിപി ആര്‍. ശ്രീലേഖയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.ഒപ്പമുണ്ടായിരുന്ന മകന്റെ മുന്നില്‍വെച്ചാണ് യുവതി ക്രൂരമായ പീഡനത്തിനിരയായത്.

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന് പുറമേ ചാന്നാങ്കര ആറ്റരുകത്ത് വീട്ടില്‍ മന്‍സൂര്‍ (40), ചാന്നാങ്കര പുതുവല്‍ പുരയിടത്തില്‍ അക്ബര്‍ ഷാ (20), ചാന്നാങ്കര അന്‍സി മന്‍സിലില്‍ അര്‍ഷാദ് (35), പള്ളിപ്പുറം സി.ആര്‍.പി.എഫ്. ജങ്ഷന്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ നൗഫല്‍ ഷാ (27), പോത്തന്‍കോട് പാലോട്ടുകോണം കരിമരത്തില്‍ വീട്ടില്‍ അന്‍സാര്‍ (33), വെട്ടുതുറ പുതുവല്‍ പുരയിടത്തില്‍ രാജന്‍ സെബാസ്റ്റ്യന്‍ (62) എന്നിവരെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.

Top